man

ബംഗളൂരു: ജോലി തിരക്കിനിടയിൽ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ കഴിയാതെ വരുന്ന നിരവധി പേരുണ്ട്. പ്രത്യേകിച്ച് കോർപറേറ്റ് ജോലികൾ ചെയ്യുന്നവർ. പലപ്പോഴും ജോലി ഓഫീസ് സമയത്തിനപ്പുറത്തേക്ക് വ്യാപിക്കാറുണ്ട്. ഇതേ അവസ്ഥയിലൂടെ കടന്നുപോയ ആളാണ് ബംഗളൂരു സ്വദേശി ദീപേഷ്.

ജോലിഭാരം കാരണം ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം സമയം ചെലവഴിക്കാൻ കഴിയാതെ വന്നു. നാൽപ്പതിനായിരം രൂപയായിരുന്നു അന്ന് ദീപേഷിന്റെ മാസശമ്പളം. എട്ട് വർഷമാണ് അദ്ദേഹം ആ കമ്പനിയിൽ ജോലി ചെയ്തത്. കുടുംബം ജീവിതം ആസ്വദിക്കാനായി യുവാവ് ജോലി രാജിവച്ച് ടാക്സി ഡ്രൈവറായി.


മാസത്തിൽ 21 ദിവസം ക്യാബ് ഡ്രൈവറായി ജോലി ചെയ്യുന്നു. പ്രതിമാസം ഏകദേശം 56,000 രൂപ സമ്പാദിക്കുന്നു. ഇതോടെ സാമ്പത്തിക സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടു. തന്റെ സമ്പാദ്യം ഉപയോഗിച്ച് അദ്ദേഹം മറ്റൊരു കാർ വാങ്ങി, ഒരു ഡ്രൈവറെ നിയമിച്ചു. ആ കാറിൽ നിന്നും ഇതേരീതിയിൽ വരുമാനമുണ്ടാക്കുന്നു. ഇനിയും കാറുകൾ വാങ്ങി ജോലി കുറച്ചുകൂടി വികസിപ്പിക്കാനാണ് യുവാവ് പദ്ധതിയിടുന്നത്.

ലിങ്ക്ഡ്ഇൻ ഉപയോക്താവായ വരുൺ അഗർവാൾ ആണ് ദിപേഷിന്റെ പ്രചോദനാത്മകമായ കഥ പങ്കുവെച്ചത്. ദീപേഷ് എല്ലാവ‌ർക്കും ഒരു മാതൃകയാണെന്നും റിസ്‌ക് എടുക്കുന്നവർക്ക് മാത്രമേ വിജയമുള്ളൂവെന്നാണ് യുവാവ് തന്റെ ജീവിതം കൊണ്ട് തെളിയിച്ചിരിക്കുന്നതെന്നൊക്കെയാണ് വരുണിന്റെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.