global-warming

ലണ്ടൻ: ആഗോള താപനം കണക്കിലെടുത്ത് 2050 ആകുമ്പോഴേക്കും വ്യാവസായിക വിപ്ലവത്തിന് മുൻപുള്ളതിനേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് താപനില വർദ്ധനവുണ്ടാകുമെന്ന് കലാവസ്ഥാ നിരീക്ഷകർ. ഇതിനായി ബ്രിട്ടൺ അടിയന്തരമായി തയ്യാറെടുക്കണമെന്നും രാജ്യത്തെ കാലാവസ്ഥാ ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകി. നിലവിൽ ബ്രിട്ടണിൽ അനുഭവപ്പെടുന്ന അതിതീവ്ര കാലാവസ്ഥാ മാറ്റങ്ങൾ നേരിടാൻ രാജ്യം വേണ്ടത്ര സജ്ജമല്ലെന്നും അവർ വ്യക്തമാക്കി. ഏറ്റവും ചൂടേറിയ വേനൽക്കാലമാണ് ഈ വർഷം ബ്രിട്ടനിൽ അനുഭവപ്പെട്ടത്. ഇത് ആരോഗ്യമേഖല, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ സാരമായി ബാധിക്കുകയും നിരവധി പ്രദേശങ്ങളിൽ വരൾച്ചയുണ്ടാകാൻ കാരണമാവുകയും ചെയ്തു.

'ഇന്നത്തെ കാലാവസ്ഥയിലെ മാറ്റങ്ങൾ നേരിടാൻ ഇതുവരെ നമ്മൾ ഒരുങ്ങിയിട്ടില്ല എന്നത് വ്യക്തമാണ്. വരും നാളുകളിൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പറയേണ്ടതില്ലല്ലോ,' പരിസ്ഥിതി മന്ത്രിയുടെ ആവശ്യപ്രകാരം നൽകിയ ഉപദേശക കത്തിൽ കാലാവസ്ഥാ മാറ്റ സമിതി (ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റി ) ചൂണ്ടിക്കാട്ടി.


പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, അടിസ്ഥാന സൗകര്യങ്ങളുടെ പിൻമാറ്റം, അതിതീവ്രമായ കാലാവസ്ഥയിൽ നിന്ന് നഗരങ്ങളെ സംരക്ഷിക്കുക, പൊതുസേവനങ്ങൾ നിലനിർത്തൽ, കാലാവസ്ഥ അതിജീവിക്കാൻ ശേഷിയുള്ള സാമ്പത്തിക വളർച്ച എന്നിങ്ങനെ ആറ് നിർണായക മേഖലകളിൽ ഉടനടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റി നിർദ്ദേശിക്കുന്നത്.


ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസിൽ കൂടാതെ നിലനിർത്താനാണ് 2015ലെ പാരീസ് ഉടമ്പടി പ്രകാരം മിക്ക രാജ്യങ്ങളും തീരുമാനിച്ചിരുന്നത്. പക്ഷെ നിലവിൽ ആഗോള താപനില വ്യാവസായിക കാലത്ത് ഉണ്ടായിരുന്നതിനെക്കാൾ 1.3 മുതൽ 1.4 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിച്ചതായിട്ടാണ് യുഎൻ, യൂറോപ്യൻ യൂണിയൻ ശാസ്ത്ര ഏജൻസികളുടെ കണക്കുകൾ വ്യക്തമാക്കുന്നത്. മാറ്റങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സംഭവിക്കുന്നത്.

'1.5 ഡിഗ്രി പരിധി ദീർഘകാല ലക്ഷ്യമായി നേടാനാകുമെന്ന് ഇപ്പോഴും ഞങ്ങൾ വിശ്വസിക്കുന്നു, പക്ഷെ ആ ലക്ഷ്യം നേടാനുള്ള സാദ്ധ്യത വർദ്ധിച്ചുവരികയാണ്,' ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റിയുടെ അഡാപ്റ്റേഷൻ കമ്മിറ്റി ചെയർമാൻ ജൂലിയ കിംഗ് പറഞ്ഞു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനം നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും സമിതി മുന്നറിയിപ്പ് നൽകി. അടുത്ത 75 മുതൽ 100 വർഷം വരെ അതിജീവിക്കാൻ കഴിയുന്ന രീതിയിൽ വീടുകളും അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കാനുള്ള പദ്ധതികളിൽ ഉയർന്ന താപനവർദ്ധനവ് ഒരു ഘടകമായി പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.