cobra

നായ്ക്കൾ, പൂച്ചകൾ, മത്സ്യങ്ങൾ, പക്ഷികൾ തുടങ്ങി നിരവധി ജീവികളെ നമ്മൾ വീട്ടിൽ വളർത്താറുണ്ട്. അക്കൂട്ടത്തിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ വളർത്തുന്നതൊന്ന് ചിന്തിച്ചുനോക്കൂ. വിഷപ്പാമ്പിനെ വളർത്താനോ? നിങ്ങൾക്കെന്താ വട്ടുണ്ടോയെന്നല്ലേ ചിന്തിക്കുന്നത്?

പറയുന്നത് തമാശയല്ല, കാര്യമാണ്. മഹാരാഷ്ട്രയുടെ ഒരു വിദൂര കോണിൽ നായയോ പൂച്ചയോ പോലുള്ള വളർത്തുമൃഗങ്ങളെ കാണാത്ത ഒരു ഗ്രാമമുണ്ട്. ഈ ജീവികൾക്ക് പകരം മൂർഖൻ പാമ്പുകളെയാണ് ഗ്രാമത്തിൽ വളർത്തുന്നത്.

ഷെത്ഫാൽ എന്നാണ് ഗ്രാമത്തിന്റെ പേര്. ഇവിടെ മൂർഖൻ പാമ്പുകൾ കുടുംബാംഗങ്ങളാണ്. ഇവിടെ മൂർഖൻ പാമ്പുകളെ വീടുകളിലേക്ക് സ്വാഗതം ചെയ്യുകയും, അഭയം നൽകുകയും, പവിത്രമായ പ്രതീകങ്ങളായി കണക്കാക്കുകയും ചെയ്യുന്നു.


ഷെത്ഫലിൽ, നിങ്ങൾക്ക് നായ്ക്കൾ കുരയ്ക്കുന്നതോ പൂച്ചകൾ കട്ടിലുകളിൽ ചുരുണ്ടുകൂടി കിടക്കുന്നതോ കാണാൻ കഴിയില്ല. പകരം, വീടുകളിലും വയലുകളിലും കിടപ്പുമുറികളിലും പോലും സുഖമായി ഇഴയുന്ന മൂർഖൻ പാമ്പുകളെ നിങ്ങൾക്ക് കാണാൻ കഴിയും. അതുകൊണ്ടാണ് ഈ ഗ്രാമം 'ഇന്ത്യയിലെ പാമ്പ് ഗ്രാമം' എന്നറിയപ്പെടുന്നത്. പാമ്പുകൾക്കൊപ്പം ഒരു ഭയവുമില്ലാതെ കുട്ടികൾ കളിക്കുന്നു.

പാമ്പുകൾ ഇവിടത്തെ വളർത്തുജീവിയായിട്ട് നൂറ്റാണ്ടുകളായത്രേ. ശിവന്റെ കഴുത്തിലുള്ള പാമ്പാണ് മൂർഖൻ. അതിനാൽത്തന്നെ ഇതിനെ ഉപദ്രവിക്കരുതെന്നും സംരക്ഷിക്കണമെന്നുമാണ് ഇവിടത്തുകാർ പറയുന്നത്. ഗ്രാമവാസികളെ ഒരിക്കലും പാമ്പുകൾ ഉപദ്രവിച്ചിട്ടില്ലെന്നാണ് വിവരം. എന്നാൽ ഇവിടെയെത്തുന്ന സന്ദർശകർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകാറുണ്ട്.