
മലയാള സിനിമയിൽ തന്റേതായ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്ന ചുരുക്കം നടിമാരിലൊരാളാണ് കനി കുസൃതി. ബിരിയാണി എന്ന സിനിമയിലുടെ സുപരിചിതയായ നടി കൂടിയാണ് കനി. ഇക്കഴിഞ്ഞ കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ കനി ബോളിവുഡ് സിനിമകളിൽ അഭിനയിക്കാനൊരുങ്ങുകയാണ്. സാമൂഹിക നിരീക്ഷകൻ മൈത്രേയനും ഡോക്ടറായ ജയശ്രീയുമാണ് കനിയുടെ മാതാപിതാക്കൾ. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് കനിയുടെ ജീവിതരീതികളെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുകയാണ്.
'ബിരിയാണിയെന്ന സിനിമയിൽ കനി കുസൃതി നഗ്നതാ പ്രദർശനം നടത്തിയതിന് പലതരത്തിലുളള വിമർശനങ്ങളും ഉണ്ടായി. താൻ കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടിയാണ് അത് ചെയ്തതെന്നാണ് കനി മറുപടി നൽകിയത്. തന്റെ തൊഴിൽ അഭിനയമാണെന്നും അതിന്റെ പൂർണതയ്ക്കുവേണ്ടി ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്നും കനി പറഞ്ഞിരുന്നു. കാൻ ചലച്ചിത്രമേളയിൽ എത്തിയപ്പോഴും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കാൻ കനി മറന്നില്ല. തന്റെ വ്യക്തിജീവിതത്തിലും കനിക്ക് ചില വീക്ഷണങ്ങളുണ്ടായിരുന്നു.
താലി കെട്ടി കരാറടിസ്ഥാനത്തിലുളള ജീവിതത്തിന് താൽപര്യമില്ലെന്ന് കനി പറഞ്ഞിരുന്നു. ലിവിംഗ് ടുഗെതറിൽ ജീവിച്ചാലും ഒരു കുഞ്ഞിനെ പ്രസവിക്കാൻ കനി തയ്യാറല്ല. കുട്ടിയെ വേണമെന്ന് ഭാവിയിൽ തോന്നിയാൽ അതിനുവേണ്ടി അണ്ഡം ശീതികരിച്ച് സൂക്ഷിക്കാനുളള സംവിധാനവും അവർ ചെയ്തുകഴിഞ്ഞു. തനിക്കത് ഭാവിയിൽ ആവശ്യമില്ലെങ്കിൽ കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് ദാനം ചെയ്യാനും തയ്യാറാണെന്ന് കനി പറയുന്നു. ബോളിവുഡിൽ അഭിനയിക്കാനും കനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. തന്റെ കരിയർ മെച്ചപ്പെടുത്തുന്നതിനായി കനി അടുത്തിടെയാണ് ഗോവയിലേക്ക് സ്ഥിരതാമസമാക്കിയത്. കനി ഇത്തരത്തിൽ ജീവിക്കുന്നത് തന്റെ മാതാപിതാക്കളുടെ ജീവിതം കണ്ടുകൊണ്ടാണ്. സാമൂഹിക നിരീക്ഷകനായ മൈത്രേയന്റെയും ഡോക്ടറായ ജയശ്രീയുടെയും മകളാണ് കനി കുസൃതി. തന്റെ അച്ഛനേയും അമ്മയേയും പേരാണ് വിളിക്കുന്നതെന്ന് കനി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്'- ആലപ്പി അഷ്‌റഫ് പറഞ്ഞു.