
പഞ്ചായത്ത് പ്രസിഡന്റ് പിന്നെ പൊലീസ് ഇനി വക്കീലും. തിരുവല്ലം രാജശ്രീയിൽ എസ്.ശ്രീകല (56) ആണ് ജീവിതത്തിന്റെ മൂന്നാം പാർട്ടിലേക്ക് എൻറോൾ ചെയ്ത് കയറിയത്. കോടതിയിൽ ഒപ്പം വാദിക്കാൻ ഭർത്താവിനെയും വക്കീലാക്കി. 1995ൽ തിരുവല്ലം പഞ്ചായത്തിലെ ഇടയാറിൽ നിന്ന് സി.പി.എം പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീകലയ്ക്ക് വനിതാ സംവരണത്തിലൂടെ പ്രസിഡന്റ് സ്ഥാനം ലഭിച്ചു. പഞ്ചായത്തിലെ ആദ്യ വനിതാ പ്രസിഡന്റ് എന്നതിനൊപ്പം പഞ്ചായത്തിലെ അവസാന പ്രസിഡന്റെന്ന ഖ്യാതിയും ലഭിച്ചു.
തിരുവല്ലം പഞ്ചായത്ത് കോർപ്പറേഷനിൽ ലയിച്ചതോടെ പഞ്ചായത്ത് ഇല്ലാതായി. പഞ്ചായത്ത് ഭരണം അവസാനിച്ചപ്പോൾ പൊലീസിലേക്ക് തിരഞ്ഞെടുത്ത് കൊണ്ടുള്ള അറിയിപ്പ് ലഭിച്ചു. ബി.കോം പഠനം പൂർത്തിയാക്കി കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന സമിതി അംഗം, ഡി.വൈ.എഫ്.ഐ ഭാരവാഹി എന്നിങ്ങനെ പ്രവർത്തിക്കവെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നിയോഗം. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ എൽ.എൽ.ബിയും പൂർത്തിയാക്കി പരീക്ഷ എഴുതാൻ കാത്തിരിക്കവെയാണ് പൊലീസാകുന്നത്. മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി വിംഗിൽ നിന്ന് പൊലീസ് ട്രെയിനിംഗ് കോളേജിലേക്ക് എസ്.ഐയായി പ്രൊമോഷൻ ലഭിച്ചു. തുടർന്ന് റിട്ടയർ ചെയ്തശേഷം പരീക്ഷയെഴുതി അഡ്വക്കേറ്റായി എൻറോൾ ചെയ്തു.
ശ്രീകല പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഭർത്താവ് രാജ്മോഹനും പഞ്ചായത്ത് ഉദ്യോഗസ്ഥനായിരുന്നു. പഞ്ചായത്ത് സീനിയർ സൂപ്രണ്ടായി റിട്ടയേർഡ് ചെയ്തതോടെ നിയമപഠനം പൂർത്തിയാക്കി ഭാര്യയ്ക്കൊപ്പം എൻറോൾ ചെയ്തു. റിട്ട.ജീവിതത്തിനൊപ്പം സജീവ രാഷ്ട്രീയത്തിലേക്ക് തിരികെയെത്തിയ ശ്രീകലയിപ്പോൾ മഹിളാ അസോസിയേഷൻ എൽ.സി വൈസ് പ്രസിഡന്റുമാണ്. പൊലീസിൽ ജോലി ലഭിക്കുമ്പോൾ ഒന്നാം ക്ലാസുകാരനായിരുന്ന ഏകമകൻ ആർ.എസ്.അഭിനന്ദ് ഇപ്പോൾ ഇറിഗേഷൻ വകുപ്പ് അസി.ഡയറക്ടറാണ്.