ss

ചിത്രീകരണം അടുത്ത ആഴ്ച

ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിൽ ബിനു പപ്പു . അടുത്ത ആഴ്ച ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഫാമിലി ഡ്രാമയാണ്. കൊച്ചിയും ഹൈറേഞ്ചും ആണ് ലൊക്കേഷൻ. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് ബിനു പപ്പു അവതരിപ്പിക്കുന്നത്.

തുടരും സിനിമയിലെ ബെന്നി എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പച്ച ശേഷം ബിനു പപ്പുവിന്റെ കരിയർ തന്നെ മാറി. ഫഹദ് ഫാസിൽ, നസ്ലിൻ, ഗണപതി, തമിഴ് നടൻ അർജുൻ ദാസ് എന്നിവരെ നായകന്മാരാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ടോർപ്പിഡോ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ബിനു പപ്പു. സംവിധായകൻ ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്ത മകനാണ് ജഗൻ. 2006ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ദ ഡോൺ എന്ന ചിത്രത്തിൽ ദിലീപ് അഭിനയിച്ചിട്ടുണ്ട്. ഷാജി കൈലാസ്, രൺജിപണിക്കർ, നിഥിൻ രൺജി പണിക്കർ എന്നിവരോടൊപ്പം ജഗൻ പ്രവർത്തിച്ചിട്ടുണ്ട്. അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി കരി എന്ന മ്യൂസിക് ആൽബം ഒരുക്കിയിട്ടുണ്ട്.

അതേസമയം പ്രിൻസ് ആന്റ് ഫാമിലിക്കുശേഷം തിയേറ്ററിൽ എത്തുന്ന ദിലീപ് ചിത്രം ആണ് ഭ.ഭ.ബ. മാസ് കോമഡി ഗണത്തിൽപ്പെടുന്ന ഭ.ഭ.ബ ബിഗ് ബഡ്‌ജറ്റിൽ ക്രിസ്മസിന് റിലീസ് ചെയ്യും. ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിൽ അതിഥിവേഷത്തിൽ മോഹൻലാൽ എത്തുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലുവർഗീസ്, അശോകൻ, ജി. സുരേഷ്‌കുമാർ, നോബി, സെന്തിൽ കൃഷ്ണ, റെഡിൻ കിംഗ്‌സ്‌ലി, സാന്റി, ഷിൻസ്, ശരണ്യ പൊൻവർണൻ, ധനശ്രീ, ലങ്കാലക്ഷ്‌മി, എന്നിവരാണ് മറ്റു താരങ്ങൾ. താരദമ്പതികളായ ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ് തിരക്കഥ. ശ്രീഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.