
തിരുവനന്തപുരം: രാജ്യത്തെ ട്രെയിനുകളിലെ വേഗതക്കുറവിന് പരിഹാരമാകുന്നു. വളവുകളിൽ വേഗം കുറയ്‌ക്കാതെ അതിവേഗം തന്നെ പായാൻ സഹായിക്കുന്ന ടിൽട്ടിംഗ് വിദ്യ ഇനി ഇന്ത്യയിലെ എല്ലാ ട്രെയിനുകളിലുമെത്തും. നിലവിൽ പുതിയതായി നിർമ്മിക്കുന്ന വന്ദേഭാരത് ട്രെയിനുകളിൽ ഈ സാങ്കേതിക വിദ്യ നടപ്പാക്കിയിട്ടുണ്ട്. ഇത് ഘട്ടംഘട്ടമായി മറ്റ് ട്രെയിനുകളിലും എത്തിക്കാനാണ് ആലോചിക്കുന്നത്. ഇതോടെ വേഗക്കുറവ് പരാതി മാറും.
വിദേശസഹായത്തോടെയാണ് ടിൽട്ടിംഗ് വിദ്യ ഇവിടെ നടപ്പിലാക്കുക. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയിൽ (ഐസിഎഫ്) പുതിയ ട്രെയിനുകൾ നിർമ്മിക്കുമ്പോൾ ഈ സാങ്കേതിക വിദ്യ പരീക്ഷിക്കും. ഹൈഡ്രോളിക് ടിൽട്ടിംഗ് ബോഗിക്കായി ട്രെയിനിന്റെ താഴ്‌ഭാഗത്ത് പ്രത്യേക ഹൈഡ്രോളിക് സംവിധാനം കൊണ്ടുവരും. ഇതോടെ ട്രെയിൻ വളവിൽ നല്ല വേഗത്തിൽതന്നെ ഓടും.
55-60കിലോമീറ്ററാണ് കേരളത്തിലെ നിലവിലെ ശരാശരി ട്രെയിൻ വേഗം. വേഗം കൂടാത്തത് വളവുകളും കയറ്റങ്ങളുമുള്ള പാതകൾ ധാരാളമുള്ളത് കാരണമാണ്. വളവുകളിൽ 20 കിലോമീറ്ററാണ് വേഗത. തിരുവനന്തപുരം-കാസർകോട് പാതയിൽ 626 വളവുകളും 230 ലെവൽക്രോസുകളും 138 ഇടത്ത് വേഗ നിയന്ത്രണവുമുണ്ട്. പാതയുടെ 36 ശതമാനവും വളവുകളാണ്. നഗര മദ്ധ്യത്തിലാണ് വളവുകളേറെയും. വളവുകൾ നിവർത്താൻ 25000 കോടി ചെലവും പത്തു വർഷം സമയവുമെടുക്കുമെന്ന് മുൻപ് പഠനത്തിൽ വ്യക്തമായിരുന്നു.
നിലവിലെ റെയിൽപാതയുടെ അലൈൻമെന്റ് മാറ്റണം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് സ്റ്റേഷനുകളും നിരവധി ചെറു സ്റ്റേഷനുകളും മാറണം. വൻതോതിൽ ഭൂമിയേറ്റെടുക്കണം. എന്നാൽ, ടിൽട്ടിംഗ് ട്രെയിനോടിച്ചാൽ വളവുകളിൽ ഇപ്പോഴുള്ളതിന്റെ രണ്ടിരട്ടി വേഗമാവും. സാധാരണ ട്രാക്കുകളിലും ഇത്തരം ട്രെയിനുകൾ ഓടുമെന്നതിനാൽ ട്രാക്കും പുതുക്കേണ്ട.