mahendra-reddy

ബംഗളൂരു: ഡോക്ടറായ യുവതിയുടെ മരണത്തിൽ ഭർത്താവും സഹപ്രവർത്തകനും അറസ്റ്റിലായി. ജനറൽ സർജനായ ഡോക്ടർ മഹേന്ദ്ര റെഡ്ഡിയും സഹായിയുമാണ് പിടിയിലായത്. ത്വക്‌രോഗ വിദഗ്ദയായ കൃതിക റെഡ്ഡിയാണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 21ന് ബംഗളൂരുവിലെ മുന്നേകൊല്ലൽ പ്രദേശത്തുളള വീട്ടിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. മഹേന്ദ്ര റെഡ്ഡി, കൃതികയ്ക്ക് അമിത അളവിൽ അനസ്‌തേഷ്യ നൽകിയെന്നാണ് ആരോപണം.

അസുഖം ബാധിച്ച കൃതികയെ മഹേന്ദ്ര അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അന്നത്തെ സംഭവത്തിൽ മറാത്തഹളളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്​റ്റർ ചെയ്തിരുന്നു. കഴിഞ്ഞ വർഷം മേയ് 26നായിരുന്നു ഇരുവരുടെയും വിവാഹം. മഹേന്ദ്രയും കൃതികയും ബംഗളൂരുവിലെ വിക്‌ടോറിയ ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നാണ് നിർണായക തെളിവുകൾ പൊലീസ് ശേഖരിച്ചത്. ഒരു കാനുല സെ​റ്റ്, ഇഞ്ചക്ഷൻ ട്യൂബ് തുടങ്ങിയ സാധനങ്ങൾ കണ്ടെടുത്തിരുന്നു. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

യഥാർത്ഥ മരണകാരണം കണ്ടെത്തുന്നതിനായി കൃതികയുടെ ആന്തരികാവയവങ്ങളും ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ്എസ്എൽ) പരിശോധനയ്ക്ക് അയച്ചിരുന്നു. എഫ്എസ്എൽ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മരണകാരണം വ്യക്തമായത്. ആന്തരികാവയവങ്ങളിൽ അനസ്‌തേഷ്യാമരുന്നായ പ്രൊപ്പോഫോളിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൃതികയുടെ പിതാവ് ഒക്ടോബർ 13ന് മഹേന്ദ്രയ്ക്കും സഹായിക്കുമെതിരെ പരാതി നൽകിയത്. തുടർന്ന് ഇവരെ കർണാടകയിലെ മണിപ്പാലിൽ നിന്ന് അറസ്​റ്റ് ചെയ്യുകയായിരുന്നു.

യുവതിയുടെ മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി തന്റെ മെഡിക്കൽ വൈദഗ്ദ്ധ്യം ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം അന്വേഷിക്കേണ്ടതുണ്ടെന്ന് ബംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് പറഞ്ഞു. 'ഇതുവരെ ശേഖരിച്ച തെളിവുകളിൽ നിന്ന് മഹേന്ദ്ര കു​റ്റക്കാരനെന്നാണ് സംശയിക്കുന്നത്. കൃതികയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത് ഇയാളാണ്. ഭാര്യയ്ക്ക് ആരോഗ്യമില്ലെന്നും ചികിത്സയിലാണെന്നുമാണ് അന്ന് പറഞ്ഞത്. പിന്നീടാണ് യുവതിക്ക് അനസ്‌തേഷ്യ കുത്തിവച്ചതായി സ്ഥിരീകരിച്ചത്'- പൊലീസ് അറിയിച്ചു.