
പുകവലിയും മദ്യപാനവും പോലെ മനുഷ്യനെ കാർന്നു തിന്നുന്ന മറ്റൊരു അഡിക്ഷനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഡോക്ടർ. അശ്ലീല ഉള്ളടക്കങ്ങൾ അമിതമായി കാണുന്നതിലെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഓർത്തോപീഡിക് സർജനും സ്പോർട്സ് ഡോക്ടറുമായ മനൻ വോറയാണ് വിഷയത്തിന്റെ ഗൗരവം ഡോക്ടർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
അശ്ലീല ഉള്ളടക്കം പതിവായി കാണുന്നതിലെ ഭവിഷ്യത്തുകളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. പോൺ അഡിക്ഷൻ പുകവലിയെയും മദ്യപാനത്തേക്കാൾ ഗുരുതരമായ ഒന്നാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. 'മദ്യപാനത്തേയും പുകവലിയേക്കാളേറെയും ആളുകളെ കൂടുതൽ ബാധിക്കുന്നതും അപൂർവ്വമായി മാത്രം ചർച്ചചെയ്യപ്പെടുന്നതുമായ അഡിക്ഷനാണിത്. ആരെയും ലജ്ജിപ്പിക്കുകയല്ല എന്റെ ലക്ഷ്യം, മറിച്ച് കൗമാരക്കാർക്കും യുവജനങ്ങൾക്കും നിർണായകമായ ഉപദേശം നൽകാനാണ് ഞാൻ ഇത് പങ്കുവെക്കുന്നത്.
നിങ്ങൾ തുടർച്ചയായി അശ്ലീലം ഉള്ളടക്കം കാണുമ്പോൾ അത് തലച്ചോറിലെ റിവാർഡ് സിസ്റ്റത്തെ അമിതമായി ഉത്തേജിപ്പിക്കും. പഞ്ചസാരയോ മയക്കുമരുന്നുകളോ ചൂതാട്ടമോ പ്രതികരിക്കുന്ന സമാനമായ ഉത്തേജനമാണ് ഇതിൽ നിന്ന് ലഭിക്കുന്നത്.
കാലക്രമേണ നിങ്ങളുടെ തലച്ചോറിന് കൂടുതൽ തീവ്രമായ ഉത്തേജനം ആവശ്യമായി വരും. മുൻപ് സന്തോഷം നൽകിയിരുന്ന സാധാരണ കാര്യങ്ങൾപോലും പിന്നീട് അതേ സന്തോഷം നൽകുന്നതിൽ നിന്ന് വിട്ട് നിൽക്കും. ഇത് ഉത്കണ്ഠ, വിഷാദം, ഏകാന്തത തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും.
പലരും സമ്മർദ്ദത്തിൽ നിന്നോ ബോറടിയിൽ നിന്നോ രക്ഷപ്പെടാൻ അശ്ലീല ഉള്ളടക്കം ഉപയോഗിക്കുന്നു. എന്നാൽ അധികം വൈകാതെ ഇതൊരു അഡിക്ഷനായി മാറുകയും സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്യും' -ഡോക്ടർ കൂട്ടിച്ചേർത്തു.
വീഡിയോ വൈറലായതോടെ ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തിയത്. നിരവധി പേർ അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് കമന്റു ചെയ്തു. അഡിക്ഷൻ ഒഴിവാക്കാനുള്ള കാര്യങ്ങൾകൂടി നിർദ്ദേശിക്കണമെന്നും പലരും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇന്റർനെറ്റിൽ നിന്നും ലഭിക്കുന്ന അഡിക്ഷനുകളിൽ അടിമപ്പെടുന്ന യുവജനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായി ലോകമെമ്പാടുമുള്ള മാനസികാരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നതിനിടയിലാണ് ഡോക്ടറുടെ നിർണായക മുന്നറിയിപ്പ്.