temple

ധാരാളം പ്രത്യേകതകളുള്ള കേരളത്തിലെ ഒരു ക്ഷേത്രമാണ് കവിയൂർ ക്ഷേത്രം. ചരിത്രപരമായും വാസ്‌തുപരമായും ഇതിന് ധാരാളം പ്രത്യേകതകളുണ്ട്. ശിവഭഗവാനും ഇടതുവശത്ത് പാർവതി ദേവിയും ഇരിക്കുന്ന രൂപത്തിലുള്ള വിഗ്രഹം പ്രതിഷ്‌ഠിച്ചത് ശ്രീരാമനെന്നാണ് വിശ്വാസം. ക്ഷേത്രത്തിൽ ഹനുമാന്റെ പ്രതിഷ്‌ഠയുമുണ്ട്. നാലമ്പലത്തിനുള്ളിലാണ് ഹനുമാന്റെ പ്രതിഷ്‌ഠയുള്ളത്. വിശ്വമംഗലം സ്വാമിയാർ ആണ് ഹനുമാൻ പ്രതിഷ്‌ഠ നടത്തിയതെന്നാണ് വിശ്വാസം. പത്തനംതിട്ട ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ചരിത്രം

ലങ്കയിൽ യുദ്ധത്തിൽ രാവണനെ തോൽപ്പിച്ച് സീതയുമായി തിരികെ പുഷ്‌പക വിമാനത്തിൽ അയോദ്ധ്യയിലേക്ക് മടങ്ങുന്ന വഴി ഭംഗിയുള്ളൊരു സ്ഥലം കണ്ടു. സീതാ ദേവിയുടെ ആഗ്രഹപ്രകാരം കവിയൂർ എന്ന സ്ഥലത്ത് ഇവരെത്തി. ഈ സ്ഥലത്ത് പ്രതിഷ‌്ഠ നടത്താനായി വിഗ്രഹം കൊണ്ടുവരാൻ രാമൻ ഹനുമാനെ പറഞ്ഞുവിട്ടെങ്കിലും കൃത്യസമയത്ത് മടങ്ങിയെത്തിയില്ല.

ഇതോടെ മണ്ണും ദർഭയും ഉപയോഗിച്ച് രാമൻ ശിവലിംഗമുണ്ടാക്കി. അപ്പോഴേക്കും വിഗ്രഹവുമായെത്തിയ ഹനുമാൻ ഇതറിഞ്ഞ് വിഷമിച്ചു. ഇതുകണ്ട രാമൻ താൻ പ്രതിഷ്‌ഠിച്ച വിഗ്രഹം മാറ്റി ഹനുമാൻ കൊണ്ടുവന്നത് പ്രതിഷ്‌ഠിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, മണ്ണിലുണ്ടാക്കിയ വിഗ്രഹം അനക്കാൻ പോലും ഹനുമാന് സാധിച്ചില്ല. തുടർന്ന് ഹനുമാൻ ഇവിടെ ഭജിച്ചിരുന്നുവെന്നാണ് വിശ്വാസം.

ഈ മനോഹര ക്ഷേത്രത്തിലെ പ്രധാന ആകർഷണം ശില്‌പങ്ങളാണ്. ചുവരുകളിലും മേൽക്കൂരകളിലും ധാരാളം കൊത്തുപണികളും ശില്‌പങ്ങളുമുണ്ട്. കേരളത്തിലെ ഏറ്റവും ഭംഗിയുള്ള മഹാദേവക്ഷേത്രം എന്ന് പല ചരിത്രകാരന്മാരും കവിയൂർ ക്ഷേത്രത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.