
പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയുമായി ബന്ധപ്പെട്ട സമൂഹമാദ്ധ്യ കുറിപ്പിൽ തിരുത്തൽ വരുത്തി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി.'ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ ഭഗവാൻ ഒരിക്കലും പൊറുക്കില്ല' എന്ന വാചകമാണ് തിരുത്തിയത്. ഇത് 'ആചാരലംഘനം നടന്നതായി കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അവർ വിശ്വസിക്കില്ല എന്നുമാത്രമല്ല പൊറുക്കില്ല എന്ന് ഓർക്കുന്നത് നന്ന്' എന്നാണ് തിരുത്തിയത്.
ആറന്മുള്ള പാർത്ഥസാരഥി ക്ഷേത്രത്തിൽ സെപ്‌തംബർ 14ന് നടന്ന അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം ഉണ്ടായെന്നത് വ്യാജ പ്രചാരണമാണെന്ന വാദവുമായാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി കുറിപ്പ് പങ്കുവച്ചത്. ചൊവ്വാഴ്‌ച രാത്രിയായിരുന്നു പോസ്റ്റിട്ടത്. ഇതിലെ 'ഭഗവാൻ ഒരിക്കലും പൊറുക്കില്ല' എന്ന ഭാഗം പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ തിരുത്തിയത്.
ശബരിമല സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് പുതിയ ശ്രമമെന്നും കുറിപ്പിൽ വിമർശിച്ചിരുന്നു. ആചാരപ്രകാരം 11.20ന് ചടങ്ങുകൾ പൂർത്തിയായി. 11.45നാണ് മന്ത്രിയും വിശിഷ്ടാതിഥികളും സദ്യയുണ്ണാൻ ഇരുന്നതെന്നും സംഘപരിവാർ മാദ്ധ്യമങ്ങളാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും സിപിഎം കുറിപ്പിൽ ആരോപിച്ചു.
വള്ളസദ്യയിൽ ഗുരുതരമായ ആചാരലംഘനം നടന്നെന്നും പ്രായശ്ചിത്തം ചെയ്യണമെന്നും തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ആവശ്യപ്പെട്ടതാണ് വിവാദങ്ങൾക്ക് തുടക്കം. അഷ്ടമിരോഹിണി വള്ളസദ്യ ദേവന് നേദിക്കുന്നതിനുമുമ്പ്, വള്ളസദ്യ ഉദ്ഘാടനം ചെയ്ത ദേവസ്വം മന്ത്രി വി.എൻ. വാസവനും കൂടെയുണ്ടായിരുന്നവർക്കും സംഘാടകർ വിളമ്പി. ഇത് ആചാര ലംഘനമാണെന്നാണ് തന്ത്രി ചൂണ്ടിക്കാട്ടിയത്.