
പാലക്കാട്: 14കാരൻ അർജുന്റെ ആത്മഹത്യയിൽ ക്ലാസ് ടീച്ചർ ആശ, പ്രധാനാദ്ധ്യാപിക ലിസി എന്നിവരെ സസ്‌പെൻഡ് ചെയ്‌ത് സ്‌കൂൾ മാനേജ്‌മെന്റ്. ആത്മഹത്യയ്‌ക്ക് കാരണം ടീച്ചർ ആശ ആണെന്ന ആരോപണവുമായി കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. എന്നാൽ, രക്ഷിതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു നേരത്തേ പ്രധാനാദ്ധ്യാപിക ലിസി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഡിഇഒയുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം.
അർജുന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെ കുട്ടികൾ സ്‌കൂളിൽ പ്രതിഷേധം നടത്തിയിയിരുന്നു. തുടർന്ന് എഇഒയും ഡിഇഒയും എത്തി കുട്ടികളോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. ഇതിന് ശേഷമാണ് അന്വേഷണ വിധേയമായി അദ്ധ്യാപികമാരെ സസ്‌പെൻഡ് ചെയ്‌തത്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം തുടരുമെന്നും മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. അദ്ധ്യാപികയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടാൽ കർശന നടപടിയെടുക്കുമെന്നും സ്‌കൂൾ മാനേജ്‌മെന്റ് വ്യക്തമാക്കി.