
കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ് പ്രകടനത്തിലെ സംഘർഷത്തിനിടെ പൊലീസാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് കോൺഗ്രസ്. ഇതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് ജില്ലാ കമ്മിറ്റി പുറത്തുവിട്ടു. ടിയർ ഗ്യാസിനൊപ്പം പൊലീസ് ഗ്രനേഡും പ്രയോഗിച്ചു. ഇതിനിടെയാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് കോൺഗ്രസിന്റെ ആരോപണം. പ്രകനത്തിനിടെ പൊലീസിനുനേരെ സ്‌ഫോടക വസ്തു എറിയുകയും ആക്രമണം നടത്തുകയും ചെയ്തുവെന്ന കേസിൽ അഞ്ച് യുഡിഎഫ് പ്രവർത്തകർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഷാഫി പറമ്പിൽ എംപിയെ ഒന്നാം പ്രതിയാക്കി 700ഓളം പേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
പ്രദേശവാസികളായ മുസ്തഫ, നസീർ, റഷീദ്, സജീർ, മിഥിലാജ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. സംഘർഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്‌ഫോടകവസ്തു എറിഞ്ഞെന്ന എൽഡിഎഫ് ആരോപണത്തിൽ പേരാമ്പ്ര പൊലീസ് കഴിഞ്ഞ ദിവസം ഏഴ് യുഡിഎഫ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. പേരാമ്പ്രയിൽ സംഘർഷത്തിന്റെ പേരിൽ പൊലീസ് സിപിഎമ്മിന്റെ താത്പ്പര്യത്തിന് വഴങ്ങി ഏകപക്ഷീയമായി അറസ്റ്റ് ചെയ്തതായും കള്ളക്കേസെടുത്തത്തായുമാണ് യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നത്.
പേരാമ്പ്ര സികെജി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിനിടെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപിക്ക് മർദ്ദനമേറ്റത് പൊലീസ് ലാത്തിചാർജ്ജിനിടെയെന്ന് വ്യക്തമാക്കുന്ന മൊബെെൽ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് തല്ലുന്നത് വീഡിയോയിൽ വ്യക്തമാണ്. പ്രതിഷേധക്കാർക്കു മുന്നിൽ പൊലീസ് വലയം തീർക്കുന്നതിനിടെ പിന്നിൽ നിൽക്കുന്ന പൊലീസ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കുണ്ട്. ലാത്തി വീശിയിരുന്നില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവർത്തകരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചപ്പോഴാവാം ഷാഫിക്ക് പരിക്കേറ്റതെന്നുമായിരുന്നു റൂറൽ എസ്പി കെഇ ബെെജുവിന്റെ വിശദീകരണം. ഷാഫിയെ പൊലീസ് തല്ലിയതല്ലെന്നും ഇതെല്ലാം ‘ഷോ’ മാത്രമാണെന്നും ചില ഇടതു നേതാക്കളും പ്രതികരിച്ചിരുന്നു.