
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്‌ക്കെതിരെ ഷൂ എറിഞ്ഞ അഭിഭാഷകൻ രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി. സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണിയാണ് അനുമതി നൽകിയത്.
രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുന്നതിനെ പിന്തുണയ്‌ക്കുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് തന്നെ നടപടി വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോയാൽ ഷൂ എറിഞ്ഞവർക്ക് വീണ്ടും പ്രശസ്‌തി ലഭിക്കുകയല്ലേ ചെയ്യുകയെന്നും സുപ്രീം കോടതി ആരാഞ്ഞു.
എന്നാൽ, സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിച്ച് സുപ്രീം കോടതിയെ വീണ്ടും അപകീർത്തിപ്പെടുത്തുകയാണ് രാകേഷ് കിഷോർ എന്ന് സുപ്രീം കോടതി ബാർ അസോസിയേഷനും കേന്ദ്ര സർക്കാരും കോടതിയെ അറിയിച്ചു. തുടർന്നാണ് ദീപാവലിക്ക് ശേഷം കോടതിയലക്ഷ്യ ഹർജി പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്‌മാല ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.