
മുംബയ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി സൂപ്പർ താരം വിരാട് കൊഹ്‌ലി എക്സിൽ പങ്കുവച്ച സന്ദേശമാണ് ആരാധകർക്കിടയിൽ ഇപ്പോഴത്തെ ചർച്ച. നിങ്ങൾ തോറ്റെന്ന് തീരുമാനിക്കുമ്പോൾ മാത്രമാണ് ശരിക്കും പരാജയമെന്നായിരുന്നു കൊഹ്‌ലിയുടെ സന്ദേശം. 2027ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കൊഹ്‌ലി കളിക്കുമോ ഇല്ലയോ എന്ന ഊഹാപോഹങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് പുറത്തുവന്നത്.
അതേസമയം, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർസിബി) ടീമിന്റെ മെന്ററുമായ ദിനേശ് കാർത്തിക് കൊഹ്‌ലി 2027 ലോകകപ്പിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തിയിരിക്കകയാണ്. ലണ്ടനിൽ കൊഹ്‌ലി പരിശീലനം പുനരാരംഭിച്ചിരുന്നുവെന്നും ദിനേഷ് കാർത്തിക് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലെ വീഡിയോയിൽ സംസാരിക്കുകയായിരുന്നു കാർത്തിക്.
'കൊഹ്‌ലി 2027 ലോകകപ്പ് കളിക്കാൻ അതീവ തൽപ്പരനാണ്. ജീവിതത്തിൽ ആദ്യമായി കളിയിൽ നിന്ന് നീണ്ട ഇടവേള ലഭിച്ച അദ്ദേഹം ലണ്ടനിൽ പരിശീലനം നടത്തുകയായിരുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ സെഷനുകൾ ക്രിക്കറ്റ് പരിശീലിച്ചു. 2027 ലോകകപ്പിൽ കളിക്കുന്ന കാര്യത്തിൽ അദ്ദേഹം വളരെ ഗൗരവത്തിലാണ്'. - കാർത്തിക് കൂട്ടിച്ചേർത്തു.
ഏകദിനത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ റൺവേട്ടക്കാരനാണ് വിരാട് കൊഹ്‌ലി. 302 മത്സരങ്ങളിൽ 290 ഇന്നിംഗ്‌സുകളിൽ നിന്നായി 51 സെഞ്ച്വറികളും 74 അർദ്ധസെഞ്ച്വറികളും സഹിതം 57.88 ശരാശരിയിൽ 14,181 റൺസാണ് കൊഹ്‌ലിയുടെ നേട്ടം. ഈ വർഷം കളിച്ച ഏഴ് ഏകദിനങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും രണ്ട് അർദ്ധസെഞ്ച്വറികളുമായി 45.83 ശരാശരിയിൽ 275 റൺസാണ് താരം നേടിയത്. മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ സെഞ്ച്വറിയും ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനലിൽ 84 റൺസും നേടി താരം തിളങ്ങിയിരുന്നു.
ഓസ്‌ട്രേലിയൻ പിച്ചുകളിൽ കളിക്കാൻ കൊഹ്‌ലിക്ക് പ്രത്യേക താൽപര്യമാണ്. അവിടെ കളിച്ച 29 ഏകദിനങ്ങളിൽ നിന്ന് 51.03 ശരാശരിയിൽ 1,327 റൺസ് താരം നേടിയിട്ടുണ്ട്. ഇതിൽ അഞ്ച് സെഞ്ച്വറികളും ആറ് അർദ്ധസെഞ്ച്വറികളുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
ടെസ്റ്റ്, ട്വന്റി 20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച കൊഹ്‌ലി 2025 ലെ ഐപിഎല്ലിന് ശേഷം ഇന്ത്യൻ കുപ്പായമണിഞ്ഞ് മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. ഒക്ടോബർ 19ന് പെർത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിന മത്സരത്തോടെയാണ് വീണ്ടും അദ്ദേഹം ഇന്ത്യൻ കുപ്പായമണിഞ്ഞ് തിരിച്ചെത്തുന്നത്.