
മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയെന്ന നേട്ടം സ്വന്തമാക്കി കൊല്ലം പരവൂർ സ്വദേശിനി ഗൗരി ആർ ലാൽജി. 23ാം വയസിലാണ് ഗൗരി നേട്ടത്തിനർഹയായത്. അരീക്കോട് പഞ്ചായത്ത് സെക്രട്ടറിയായാണ് ഗൗരി തിങ്കളാഴ്ച ചുമതലേറ്റത്. കൊല്ലം പരവൂർ സ്വദേശി സി എൽ ലാൽജിയുടെയും ഒ ആർ റോഷ്നയുടെയും മകളാണ് ഗൗരി.
ചെറുപ്പം മുതൽ തന്നെ സിവിൽ സർവീസ് ആണ് ഗൗരിയുടെ മോഹം. ആദ്യ ശ്രമത്തിൽ തന്നെ ഹൈക്കോടതി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലും ഒന്നാം സ്ഥാനം നേടിയിരുന്നു. ഹൈക്കോടതിയിൽ ജോലി നോക്കവെയാണ് പഞ്ചായത്ത് സെക്രട്ടറി പരീക്ഷയെഴുതിയത്. 63ാം റാങ്ക് നേടിയാണ് പഞ്ചായത്ത് സെക്രട്ടറി പദവിയിലെത്തിയത്. പ്ളസ് ടു സിബിഎസ്ഇ പരീക്ഷയിൽ കൊല്ലം ജില്ലയിൽ ടോപ്പർ ആയിരുന്നു.
ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ച് ഒരു പഞ്ചായത്തിന്റെ തലപ്പത്തെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് ഗൗരിയുടെ പ്രതികരണം. സ്കൂൾ കാലം മുതൽ തന്നെ സിവിൽ സർവീസിനായുള്ള പഠനവും പത്രവായനയുമാണ് നേട്ടത്തിലേയ്ക്ക് നയിച്ചതെന്നും ഗൗരി പങ്കുവച്ചു. ഒൻപതാം ക്ളാസ് വിദ്യാർത്ഥി ദേവദത്ത് ആണ് സഹോദരൻ.