supreme-court

ന്യൂഡൽഹി: കേരള ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനിലെ ക്രമക്കേട് കണ്ടെത്തിയ റിപ്പോർട്ടിൽ നടപടിയാവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. രസിക മൂവീസ് ഉടമ മനോജ് എൻ നൽകിയ ഹർജിയിലാണ് നടപടി.

2013 മുതൽ 2023 വരെയുള്ള കാലയളവിൽ കേരള ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനിൽ ഭാരവാഹികളായിരുന്നവർ വ്യാപക ക്രമക്കേട് നടത്തിയെന്നും ഫണ്ട് ദുർവിനിയോഗം നടത്തിയെന്നുമാണ് മനോജിന്റെ ഹർജിയിൽ ആരോപിക്കുന്നത്. ജില്ലാ രജിസ്‌ട്രാർ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതായും ഹർജിയിൽ മനോജ് ചൂണ്ടിക്കാട്ടുന്നു.

മനോജിനുവേണ്ടി മുതിർന്ന അഭിഭാഷകൻ വി ചിദംബരേഷ്, അഭിഭാഷകൻ മനു കൃഷ്‌ണൻ എന്നിവരാണ് ഹാജരായത്. കേരള ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുവേണ്ടി അഭിഭാഷകൻ സന്തോഷ് പോളും ഹാജരായി.