
വാഷിംഗ്ടൺ: യു.എസിലെ ടെക്‌സസ് ആസ്ഥാനമായുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയം സ്‌പേസിന്റെ തലപ്പത്ത് അഴിച്ചുപണി. ഡോ. ജോനഥൻ സിർട്ടെയ്നെ കമ്പനിയുടെ പുതിയ സി.ഇ.ഒ ആയി നിയമിച്ചു. പ്രസിഡന്റ് പദവിയും വഹിക്കും.
കഴിഞ്ഞ ഏപ്രിലിൽ നിയമിതനായ ഇന്ത്യൻ വംശജൻ തേജ്പോൾ ഭാട്ടിയയെ നീക്കിയാണ് ജോനഥനെ നിയമിച്ചത്. ബഹിരാകാശ, ആണവ മേഖലകളിൽ ആഴത്തിലുള്ള മുൻപരിചയമുള്ള ഭൗതിക ശാസ്ത്രജ്ഞനും സാങ്കേതിക വിദഗ്ദ്ധനുമാണ് ജോനഥൻ. ഭൗമനിരീക്ഷണവുമായി ബന്ധപ്പെട്ട ഒരു മെഷീൻ ലേണിംഗ് കമ്പനിയുടെ സഹസ്ഥാപകൻ കൂടിയാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന ദൗത്യവും ആക്സിയം നടത്തിവരുന്നു. ജൂണിൽ ഇന്ത്യൻ ഗഗനചാരി ശുഭാംശു ശുക്ള ബഹിരാകാശ നിലയത്തിലെത്തിയത് ആക്‌സിയം 4 ദൗത്യത്തിലൂടെയാണ്. സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള ശ്രമങ്ങളിലാണ് ആക്സിയം സ്പേസ്.