students

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾ പങ്കെടുക്കുന്ന എട്ടാമത് കളിക്കളം കായികമേള 2025ന് കാര്യവട്ടം എൽ എൻ സി പി സ്റ്റേഡിയത്തിൽ ഒക്ടോബർ 18ന് തുടക്കമാകും. രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി കായികമേളയുടെ ഉദ്ഘാടനവും പതാക ഉയർത്തലും നിർവഹിക്കും.

സംസ്ഥാനത്തെ 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്നും 120 പ്രീമെട്രിക് ഹോസ്റ്റലുകളിൽ നിന്നുമായി 1500 കുട്ടികൾ വിവിധ ഇനങ്ങളിൽ മത്സരിക്കും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കായികമേള 20ന് സമാപിക്കും. ഒക്ടോബർ 20ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിക്കും.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് സെക്രട്ടറി ഡോ.എ കൗശിഗൻ, ജില്ലാ കളക്ടർ അനു കുമാരി, പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ ഡോ.മിഥുൻ പ്രേംരാജ്, പട്ടിക ജാതി വികസനവകുപ്പ് ഡയറക്ടർ ധർമ്മല ശീ, പിന്നാക്ക ക്ഷേമവകുപ്പ് ഡയറക്ടർ മിസാൽ സാഗർ ഭരത്, ജോയന്റ് ഡയറക്ടർ ശ്രീരേഖ കെ എസ്, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ വി ധനേഷ് തുടങ്ങിയവർ സംബന്ധിക്കും.