rss

ബംഗളൂരു: സംസ്ഥാനത്ത് ആർഎസ്എസ് പ്രവർത്തനങ്ങൾ നിരോധിക്കാൻ ലക്ഷ്യമിട്ട് കർണാടക സർക്കാർ. പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും പരിപാടികൾ നടത്തുന്നതുൾപ്പടെ ആർഎസ്എസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കാനായി നിയമങ്ങൾ കൊണ്ട് വരാൻ കർണാടക മന്ത്രി സഭ തീരുമാനിച്ചു.

'' ഒരു സംഘടനയും ഞങ്ങൾക്ക് നിരോധിക്കാൻ കഴിയില്ല, എന്നാൽ ഇനി മുതൽ പൊതുസ്ഥലങ്ങളിലോ റോഡുകളിലോ ഇഷ്ടമുള്ളത് ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല. നിങ്ങൾ എന്ത് ചെയ്യുന്നുണ്ടെങ്കിലും അത് സർക്കാരിന്റെ അനുമതി തേടിയതിനു ശേഷമാകണം'' കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.


ആർഎസ്എസ് പ്രവർത്തനങ്ങളും അനുബന്ധ സംഘടനകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി വിഭാഗം മന്ത്രിയായ ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അത്തരം പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതിൽ തീരുമാനമെടുക്കാനുള്ള അധികാരം സർക്കാരിനാണെന്നും അനുമതി നൽകുന്നതിന് മാനദണ്ഡങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. വടി വീശി റോഡിൽ നടക്കാനോമാർച്ച് നടത്താനോ നിയമം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ആർഎസ്എസ് ശാഖകൾ നടത്തുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്യുന്നു. ഇത് യുവാക്കളുടെയും കുട്ടികളുടെയും മനസിൽ നിഷേധാത്മക ആശയങ്ങൾ കുത്തിവയ്‌ക്കുന്നുവെന്ന് കത്തിൽ പറയുന്നു. ഇതിനെല്ലാം നിയന്ത്രണം കൊണ്ടുവരണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം.

ആഭ്യന്തര വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, നിയമ വകുപ്പ് എന്നിവ നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ ഒന്നിച്ച് ചേർത്താകും പുതിയ നിയമം രൂപീകരിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ തന്നെ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിന് പിന്നാലെ തന്നെ വലിയ രീതിയിലാണ് ഖാർഗെയ്‌ക്ക് നേരെ വധഭീഷണി ഉയരുന്നത്.