
പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി എയ്ഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ അർജുന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട
പ്രതിഷേധം കടുത്തതോടെ പ്രധാന അദ്ധ്യാപിക ലിസിക്കും ക്ളാസ് അദ്ധ്യാപിക ആശയ്ക്കും സസ്പെൻഷൻ.
ഡി.ഇ.ഒയുടെ നിർദേശ പ്രകാരമാണ് മാനേജ്മെന്റിന്റെ നടപടി. പത്ത് ദിവസത്തേക്കാണ് സസ്പെൻഷൻ. സ്കൂൾ നാല് ദിവസത്തേക്ക് അടച്ചിട്ടു.
പല്ലൻചാത്തന്നൂർ സ്വദേശി അർജുന്റെ ആത്മഹത്യയ്ക്ക് കാരണം ക്ലാസ് അദ്ധ്യാപികയുടെ മാനസിക പീഡനമെന്നാണ് ആരോപണം. അദ്ധ്യാപികക്കെതിരെ വ്യാപക പ്രതിഷേധമാണ് സ്കൂളിൽ ഉണ്ടായത്. ക്ലാസുകൾ ബഹിഷ്കരിച്ച് വിദ്യാർത്ഥികൾ സ്കൂൾ മുറ്റത്ത് പ്രതിഷേധിച്ചു. വിദ്യാർത്ഥി സംഘടനകൾ പ്രധാനാദ്ധ്യാപികയെ ഉപരോധിച്ചു. അദ്ധ്യാപികയുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രധാനാദ്ധ്യാപിക നിലപാട് ആവർത്തിച്ചതോടെ പ്രതിഷേധം ശക്തമായി. തുടർന്നാണ് കോർപ്പറേറ്റ് മാനേജ്മെന്റ് കമ്മിറ്റി അടിയന്തര യോഗം ചേർന്ന് സസ്പെൻഡ് ചെയ്തത്.
സർക്കാർ വകുപ്പുതല നിർദ്ദേശങ്ങൾക്ക് വിധേയമായി തുടർ നടപടികൾ സ്വീകരിക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രി വീടിനകത്ത് അർജുനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ യൂണിഫോം പോലും മാറ്റിയിരുന്നില്ല.
സ്കൂൾ അധികൃതർ ആരോപണം നിഷേധിച്ചു. കുട്ടിക്ക് വീട്ടിൽ നിന്നു സമ്മർദ്ദം ഉണ്ടായിരുന്നു. കുട്ടി മരിക്കണമെന്ന് കരുതി ഒരു അദ്ധ്യാപികയും വഴക്ക് പറയില്ല. വിഷയത്തിന്റെ ഗൗരവം വിദ്യാർത്ഥിയെ ധരിപ്പിക്കുക മാത്രമാണ് ചെയ്തത്.
ജയിലിലാക്കുമെന്ന്
ഭീഷണിപ്പെടുത്തി
ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന്റെ പേരിൽ ക്ലാസ് ടീച്ചർ അർജുനിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് കുടുംബം ആരോപിച്ചത്. ക്ലാസിൽ വച്ച് അദ്ധ്യാപിക സൈബർ സെല്ലിൽ വിളിച്ചിരുന്നു. ഒന്നരവർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പിഴ നൽകേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയെന്ന് സഹപാഠി പറഞ്ഞു. ചൊവ്വാഴ്ച സ്കൂളിൽ നിന്ന് വീട്ടിലേക്ക് തിരികെ പോകുമ്പോൾ കെട്ടി പിടിച്ച് കരഞ്ഞു. ഇതാണ് അവസാനമെന്ന് അർജുൻ പറഞ്ഞതായും സഹപാഠി വെളിപ്പെടുത്തി. അതേസമയം,അമ്മാവൻ തല്ലിയതുകൊണ്ടാണ്
അർജുൻ മരിച്ചതെന്നും തന്റെ ഭാഗത്ത് തെറ്റില്ലെന്നും അദ്ധ്യാപിക മറ്റൊരു കുട്ടിയോട് പറഞ്ഞതായും സഹപാഠി വെളിപ്പെടുത്തി.