aus-won

വിശാഖപട്ടണം: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ സെമിഫൈനലില്‍. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയാണ് ഓസീസ് സെമിയിലെത്തുന്ന ആദ്യ ടീമായത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് തോല്‍വി അറിയാതെ എട്ട് പോയിന്റാണ് ഓസീസിനുള്ളത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ ബാക്കി എല്ലാ മത്സരങ്ങളിലും അവര്‍ വിജയിക്കുകയായിരുന്നു.

ബംഗ്ലാദേശ് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം 24.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ മറികടക്കുകയായിരുന്നു. വീണ്ടും സെഞ്ച്വറി കുറിച്ച ക്യാപ്റ്റന്‍ അലീസ ഹീലി 113*(77) ആണ് ജയം എളുപ്പമാക്കിയത്. സഹ ഓപ്പണര്‍ ഫീബി ലിച്ച്ഫീല്‍ഡ് 84*(72) റണ്‍സ് നേടി പുറത്താകാതെ നിന്നു. 20 ബൗണ്ടറികളാണ് അലീസ ഹീലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ലിച്ച്ഫീല്‍ഡ് 12 ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ശോഭന മൊസ്താറി 66*(80), റുബ്യാ ഹൈദര്‍ 44(59) എന്നിവരുടെ മികവിലാണ് ബംഗ്ലാദേശ് 198 റണ്‍സ് നേടിയത്. മറ്റാര്‍ക്കും ബാറ്റിംഗില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല.

ഓസീസിന് വേണ്ടി ആഷ്‌ലി ഗാര്‍ഡിനര്‍, അന്നബെല്‍ സതര്‍ലാന്‍ഡ്, അലാന കിംഗ്, ജോര്‍ജിയ വെയര്‍ഹാം എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മേഗന്‍ ഷട്ട് ഒരു വിക്കറ്റും വീഴ്ത്തി. ഓസീസിന് പിന്നിലായി ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവരാണ് നിലവില്‍ ആദ്യ നാലിലുള്ളത്.