robin

നടൻ മോഹൻലാൽ അവതാരകനായെത്തുന്ന ടെലിവിഷൻ പരിപാടിയായ ബിഗ്‌ബോസിന് കേരളത്തിൽ ആരാധകരേറെയാണ്. ഇപ്പോൾ സീസൺ ഏഴാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സീസണിലെ മിക്ക മത്സരാർത്ഥികൾക്കായി പുറത്ത് പലരും പിആർ വർക്കുകൾ നടത്തുന്ന ആക്ഷേപവും അടുത്തിടെ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനുമോൾ ഉൾപ്പെടെ ചില മത്സരാർത്ഥികൾക്കെതിരെ വലിയ തരത്തിലുളള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ബിഗ്‌ബോസ് സീസൺ നാലിനെ മത്സരാർത്ഥിയും സോഷ്യൽമീഡിയ ഇൻഫ്ളുവൻസറുമായ റോബിൻ രാധാകൃഷ്ണൻ പിആർ വർക്കുകളെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്.തനിക്ക് ബിഗ്‌ബോസിൽ നിന്നുലഭിച്ച പ്രതിഫലത്തെക്കുറിച്ചും റോബിൻ വെളിപ്പെടുത്തി.

അർഹതയുളള മത്സരാ‌ർത്ഥി ഇത്തവണ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും റോബിൻ പറഞ്ഞു. 'ബിഗ്‌ബോസ് സ്ഥിരം കാണാറില്ല. റീൽസാണ് കൂടുതലും കാണാറുളളത്. എല്ലാവർഷവും ബിഗ്‌ബോസിന് അവരുടേതായ കണ്ടന്റുകൾ ഉണ്ടാകുമല്ലോ. ഞാൻ ആർക്കും പണം കൊടുത്ത് പിആർ വർക്കൊന്നും ചെയ്തിട്ടില്ല. എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുപോലും ആരെയും ഏൽപ്പിച്ചിരുന്നില്ല. ഞാൻ ബിഗ്‌ബോസിൽ നിന്ന് തിരിച്ചുവന്നിട്ടാണ് പുതിയ പോസ്​റ്റുവരെ പങ്കുവച്ചത്.

ഞാൻ പിആർ ചെയ്തിട്ടുണ്ടെന്ന് ആരെങ്കിലും തെളിയിക്കുവാണെങ്കിൽ അവർക്ക് ഒരു കോടി രൂപ നൽകും. നന്നായിട്ട് കളിക്കുന്നവർക്ക് പിആറിന്റെ ആവശ്യമില്ല. ജനങ്ങളുടെ പൾസ് അനുസരിച്ച് കളിക്കാൻ കഴിയുന്നവർക്ക് പിആർ വേണ്ട. അതിനുസാധിക്കാത്തവരാണ് പിആർ കൊടുക്കുന്നത്. ബിഗ്‌ബോസിൽ വിജയിക്കുകയെന്നതല്ല പ്രധാനം. അങ്ങനെയാണെങ്കിൽ ബിഗ്‌ബോസിൽ വിജയിച്ച പലയാളുകളെയും ഇപ്പോൾ കാണാനില്ല. പരമാവധി ജനങ്ങളിലേക്കെത്തുകയാണ് പ്രധാനം. അതിൽ ഞാൻ വിജയിച്ചു.

ഇത്തവണ എന്നെ ബിഗ്‌ബോസിൽ അതിഥിയായി പോകാൻ വിളിച്ചിരുന്നു. പലസമയത്തും ബിഗ്‌ബോസിന് പലനിലപാടാണ്. അതുകൊണ്ടാണ് പോകാത്തത്. സ്വന്തം നിലപാടിൽ അടിയുറച്ചുനിൽക്കുന്ന വ്യക്തിയാണ് ഞാൻ. ഉന്തുംതളളുമുണ്ടായിട്ടും അവർ ഒന്നും ചെയ്തിട്ടില്ല. ബിഗ്‌ബോസ് കോർപറേ​റ്റ് കമ്പനിയല്ല. നമുക്കൊന്നും ചെയ്യാൻ കഴിയില്ല. എനിക്ക് 25000 രൂപയാണ് ദിവസവും കിട്ടിയിരുന്നത്. ഞാൻ ഡോക്ടറായതുകൊണ്ടായിരിക്കാം അത്രയും കിട്ടിയത്. അവർ ഇങ്ങോട്ടാണ് ഇത്രയും പണം ഓഫർ ചെയ്തത്. ബിഗ്‌ബോസിലേക്ക് ഞാൻ അങ്ങോട്ട് അവസരം ചോദിച്ച് പോയതാണ്'- റോബിൻ പറഞ്ഞു.