sanju-kerala

തിരുവനന്തപുരം: രഞ്ജി ട്രോഫി ആദ്യമത്സരത്തിൽ മഹാരാഷ്‌ട്രയ്‌ക്കെതിരെ കേരളം മൂന്നാംദിനം ഭേദപ്പെട്ട നിലയിൽ. രണ്ടാം ദിനം മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 35 എന്ന നിലയിൽ പരുങ്ങിയ കേരളത്തിന് വേണ്ടി ഇന്ന് ദേശീയ താരം സഞ്ജു സാംസൺ മികച്ച പ്രകടനം പുറത്തെടുത്തു. ഏഴ് വിക്കറ്റുകളുടെ നഷ്‌ടത്തിൽ കേരളം 200 റൺസ് കടന്നു. 63 പന്തുകളിൽ 54 റൺസ് നേടിയ സഞ്ജുവാണ് നിലവിൽ ടോപ് സ്‌കോറർ. അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. വിക്കി ഓസ്‌ത്‌വാളിന്റെ പന്തിൽ സൗരഭ് നവാലിയെടുത്ത ക്യാച്ചിലാണ് സഞ്ജു പുറത്തായത്. സഞ്ജുവിന്റെയടക്കം നാല് ക്യാച്ചുകളാണ് ഇന്ന് നവാലിയെടുത്തത്.

മുൻ നായകൻ സച്ചിൻ ബേബി,നായകൻ മുഹമ്മദ് അസറുദ്ദീൻ, അങ്കിത് ശർമ്മ എന്നിവരെയും നവാലി ക്യാച്ചെടുത്താണ് പുറത്താക്കിയത്. കേരളത്തിനായി ഇന്ന് ക്യാപ്റ്റൻ അസറുദ്ദീൻ (36), സൽമാൻ നിസാർ (38*) എന്നിവർ തിളങ്ങി. സച്ചിൻ ബേബി(7), സഞ്ജു സാംസൺ (54), അസറുദ്ദീൻ (36), അങ്കിത് ശർമ്മ (17), ഏഡൻ ആപ്പിൾ ടോം (3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്‌ടമായത്. രജ്‌നീഷ് ഗുർബാനി, ജലജ് സക്‌സേന, വിക്കി ഓസ്‌ട്‌വാൾ എന്നിവർ രണ്ടും മുകേഷ് ചൗധരിയും രാമകൃഷ്‌ണ ഘോഷും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. ആദ്യ ഇന്നിംഗ്‌സിൽ മഹാരാഷ്‌ട്ര 239 റൺസ് ആണ് നേടിയത്.