
മലപ്പുറം: ബസ് ഫീസ് അടയ്ക്കാൻ വൈകിയതിനാൽ അഞ്ച് വയസുകാരനെ സ്കൂൾ ബസിൽ കയറ്റാതെ വഴിയിൽ ഉപേക്ഷിച്ച് ജീവനക്കാർ. മലപ്പുറം ചേലാമ്പ്ര എൽപി സ്കൂളിലെ യുകെജി വിദ്യാർത്ഥിയെ ആണ് വഴിയിൽ ഉപേക്ഷിച്ചത്. ബസ് ഫീസായ 1000 രൂപ അടയ്‌ക്കാൻ വൈകുന്നതിനാൽ കുട്ടിയെ ബസിൽ കയറ്റരുതെന്ന് പ്രധാനദ്ധ്യാപിക ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഈ വിവരം തങ്ങളെ നേരത്തെ അറിയിച്ചെല്ലെന്നാണ് വീട്ടുകാർ പറയുന്നത്. സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി, ശിശുസംരക്ഷണ സമിതി, പൊലീസ് എന്നിവർക്ക് വീട്ടുകാർ പരാതി നൽകി.
എല്ലാദിവസത്തെയും പോലെ രാവിലെ സ്കൂളിലേക്ക് പോകാൻ മറ്റൊരു കുട്ടിക്കൊപ്പം ബസ് കാത്ത് നിൽക്കുകയായിരുന്നു അഞ്ച് വയസുകാരൻ. എന്നാൽ ബസ് ഡ്രൈവർക്കുൾപ്പെടെ പ്രധാനാദ്ധ്യാപിക നിർദ്ദേശം നൽകിയിരുന്നതിനാൽ ബസിൽ കയറാൻ കുട്ടിയെ അനുവദിച്ചില്ല. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു കുട്ടിയെ മാത്രം കയറ്റി സ്കൂൾ ബസ് കടന്നുപോയി. വഴിയിൽ ഒറ്റയ്‌ക്കായി പോയ അഞ്ച് വയസുകാരൻ സ്കൂളിൽ പോകാനാകാതെ തിരികെ നടന്നു. കരഞ്ഞു കൊണ്ട് വരുന്ന കുട്ടിയെ കണ്ട അയൽക്കാരാണ് സുരക്ഷിതമായി വീട്ടിൽ എത്തിച്ചത്.
സംഭവം വാർത്തയായതിന് പിന്നാലെ സ്‌കൂൾ അധികൃതരും പിടിഎ അംഗങ്ങളും വീട്ടിലെത്തി മാപ്പ് പറഞ്ഞു. സംഭവം കുട്ടിയെ മാനസികമായി ബാധിച്ചെന്നും ഇനി അതേ സ്കൂളിലേക്കയയ്ക്കാൻ തയ്യാറല്ലെന്നും വീട്ടുകാർ പറയുന്നു.