gopichand-padalkar

മുംബയ്: ഹിന്ദു സ്ത്രീകൾ ജിമ്മിൽ പോകരുതെന്നും വീട്ടിലിരുന്ന് യോഗ പരിശീലിക്കണമെന്നും വിവാദ നിർദേശവുമായി ബിജെപി എംൽഎ. മഹാരാഷ്ട്ര എംഎൽഎ ഗോപിചന്ദ് പടൽക്കറാണ് ഒരു പൊതുസമ്മേളനത്തിൽ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്. ജിമ്മിൽ പോകുന്നത് ഒഴിവാക്കി കോളേജ് വിദ്യാർത്ഥിനികളായ ഹിന്ദു പെൺകുട്ടികൾ വീട്ടിൽ യോഗ പരിശീലിക്കണമെന്നാണ് പടൽക്കർ ഉപദേശിച്ചത്. വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആരെ വിശ്വസിക്കണമെന്ന് അറിയാത്ത ഒരവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു.

'വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ട്, നിങ്ങൾ അത് മനസിലാക്കണം. നന്നായി സംസാരിക്കുകയോ നല്ല രീതിയിൽ പെരുമാറുകയോ ചെയ്യുന്ന ആരെങ്കിലും കബളിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക,' ഗോപിചന്ദ് പടൽക്കർ പറഞ്ഞു. മറ്റ് സമുദായത്തിലെ അംഗങ്ങൾ സ്ത്രീകളെ വശീകരിക്കുന്നുവെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു ഗോപിചന്ദിന്റെ പരാമർശം.

'ജിമ്മിലെ പരിശീലകൻ ആരാണെന്ന് ആളുകൾ ശ്രദ്ധിക്കണം. വീട്ടിലെ യുവതികൾ ജിമ്മിൽ പോകുന്നുണ്ടെങ്കിൽ അവർക്ക് കൗൺസിലിംഗ് നൽകണം. പെൺകുട്ടികൾ വീട്ടിൽ യോഗ പരിശീലിക്കണം, ജിമ്മിൽ പോകേണ്ട ആവശ്യമില്ല. കാരണം, അവർ നിങ്ങളെ വഞ്ചിക്കുകയും അനീതി കാണിക്കുകയുമാണ് ചെയ്യുന്നത്,'- അദ്ദേഹം കൂട്ടിച്ചേർത്തു. തിരിച്ചറിയൽ രേഖകളില്ലാതെ കോളേജുകളിൽ പ്രവേശിക്കുന്ന യുവാക്കളെ കണ്ടെത്തണമെന്നും അവർ എത്തുന്നത് തടയണമെന്നും ശക്തമായ പ്രതിരോധം തീർക്കണമെന്നും ബിജെപി എംഎൽഎ ആവശ്യപ്പെട്ടു.