crime

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ യുവതിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. ഐടി ജീവനക്കാരിയായ യുവതിയെ വ്യാഴാഴ്ച രാത്രിയാണ് അവര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചത്. സംഭവത്തില്‍ വെള്ളിയാഴ്ച രാവിലെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി പരാതി നല്‍കിയിട്ടുണ്ട്. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം തനിക്ക് നേരെ അതിക്രമം കാണിച്ച ആളെ യുവതിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

പുലര്‍ച്ചെയോടെയാണ് ഹോസ്റ്റല്‍ മുറിയിലേക്ക് അജ്ഞാതന്‍ അതിക്രമിച്ച് കയറിയത്. ഹോസ്റ്റല്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. പ്രതിയുടെ അതിക്രമത്തിനിടെ പെണ്‍കുട്ടി ഇയാളെ തള്ളി മാറ്റുകയും തുടര്‍ന്ന് അയാള്‍ ഇറങ്ങി ഓടുകയും ചെയ്തു.രാത്രിയില്‍ ഭയം കാരണം കുട്ടി ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. രാവിലെയാണ് സംഭവത്തെക്കുറിച്ച് ഹോസ്റ്റല്‍ അധികൃതരോട് പെണ്‍കുട്ടി കാര്യം പറഞ്ഞത്.

തുടര്‍ന്ന് കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ഉള്‍പ്പെടെ വിധേയയാക്കിയതിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ തനിക്ക് നേരത്തെ കണ്ട് പരിചയമില്ലെന്നാണ് യുവതിയുടെ മൊഴി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് നഗരം മുഴുവനായും കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.