
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ വിവാദ വ്യവസായി മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ ബെൽജിയം കോടതി അനുമതി നൽകി. ബെൽജിയൻ നഗരമായ ആന്റ്‌വെർപ്പിലെ കോടതിയാണ് മെഹുൽ ചോക്സിയുടെ അറസ്റ്റ് ശരിവച്ച് ഇന്ത്യക്ക് കൈമാറാൻ ഉത്തരവിട്ടത്. അതേസമയം കോടതി ഉത്തരവിനെതിരെ ബെൽജിയത്തിലെ ഉന്നത കോടതിയിൽ ചോക്സിക്ക് അപ്പീൽ നൽകാൻ കഴിയും. അതിനാൽ ചോക്സിയെ ഇന്ത്യക്ക് എന്ന് കൈമാറും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
വജ്രവ്യാപാരിയായ മെഹുൽ ചോക്സിയും അനന്തരവൻ വിവാദ വ്യവസായി നീരവ് മോദിയും ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിനെ വഞ്ചിച്ചെന്നും 13500 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയെന്നുമാണ് ഇന്ത്യയുടെ ആരോപണം, 2018ൽ ഇന്ത്യയിൽ നിന്ന് മുങ്ങിയ ചോക്സി ആന്റിഗ്വയിലും അയൽരാജ്യമായ ഡൊമിനിക്കയിലും കഴിഞ്ഞ ശേഷമാണ് ബെൽജിയത്തിലേക്ക് കടന്നത്. 2023 നവംബറിലാണ് ചോക്സിക്ക് ബെൽജിയത്തിൽ താമസാനുമതി ലഭിച്ചത്. ബെൽജിയത്തിലെ ആന്റ്‌വെർപ്പിൽ ഭാര്യ പ്രീതി ചോക്സിക്കൊപ്പം താമസിക്കുകയായിരുന്ന ചോക്സിയെ കഴിഞ്ഞ ഏപ്രിൽ 12നാണ് ബെൽജിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ അന്വേഷണ ഏജൻസികളായ ഇ.ഡി. സി.ബി.ഐ എന്നിവയുടെയും നയതന്ത്ര ഇടപെടലിന്റെയും ഫലമായാണ് അറസ്റ്റ്.