lathakumari

പത്തനംതിട്ട: പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ ആശാവർക്കർ മരിച്ചു. പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട കീഴ്‌വായ്പൂർ സ്വദേശി ലതാകുമാരി (61)ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം. മോഷണശ്രമം തടയുന്നതിനിടെയാണ് ലതാകുമാരിക്ക് പൊള്ളലേറ്റത്.

ഒക്ടോബർ ഒമ്പതിനായിരുന്നു സംഭവം. മോഷണശ്രമം തടുക്കുന്നതിനിടെയാണ് തനിക്ക് പൊള്ളലേറ്റതെന്ന് ചികിത്സയിലിരിക്കെ ലതാകുമാരി പൊലീസിന് മൊഴി നൽകിയിരുന്നു. സമീപത്തെ ക്വാട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരന്റെ ഭാര്യ സുമയ്യയാണ് വീട്ടിൽ അതിക്രമിച്ചുകയറി തീകൊളുത്തിയതെന്നും മൊഴിലുണ്ട്.

സുമയ്യ തന്നോട് സ്വർണാഭരണങ്ങൾ ചോദിച്ചിരുന്നു. അത് കൊടുക്കാത്തതിലുള്ള പകയാണ് അതിക്രമത്തിന് പിന്നിലെന്നും ലതാകുമാരി അന്ന് പൊലീസിനോട് അറിയിച്ചു. തന്നെ കെട്ടിയിട്ട ശേഷം സുമയ്യ മാലയും വളയും ഉൾപ്പെടെയുള്ള ആഭരണങ്ങൾ കവർന്നെന്നും മൊഴിയിലുണ്ട്. കേസിൽ സുമയ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓഹരി ട്രേഡിംഗിൽ ഉണ്ടായ നഷ്ടം നികത്താൻ ആയിരുന്നു മോഷണമെന്ന് സുമയ്യ പൊലീസിന് മൊഴി നൽകി.