fire

ചണ്ഡീഗഢ്: പഞ്ചാബിൽ അമൃത്സർ- സഹർസ ഗരീബ് രഥ് എക്‌സ്‌പ്രസിൽ (12204) വൻതീപിടുത്തം. ഇന്ന് രാവിലെ ഏഴരയോടെ സിർഹിന്ദ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് കോച്ചിനകത്ത് തീപിടുത്തമുണ്ടായത്. മൂന്ന് കോച്ചുകളിലേക്ക് തീ പടർന്നു. ഒരു കോച്ച് പൂർണമായും കത്തിനശിച്ചെന്നാണ് വിവരം. തീ പടർന്നതോടെ യാത്രക്കാരെ സുരക്ഷിതമായി മറ്റുകോച്ചുകളിലേക്ക് മാറ്റിയെന്നും തീ അണയ്ക്കാനുളള ശ്രമം നടത്തിയതായും റെയിൽവേ അധികൃതർ അറിയിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.

ട്രെയിനിന്റെ 19-ാം നമ്പർ കോച്ചിലാണ് ആദ്യം തീപിടുത്തമുണ്ടായത്. തീപിടിച്ച കോച്ചിൽ നിരവധിയാളുകൾ ഉണ്ടായിരുന്നതായും റിപ്പോ‌ർട്ടുണ്ട്. ട്രെയിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ട്രെയിൻ നിർത്തിയിട്ട് തീ അണക്കാൻ ശ്രമം തുടങ്ങിയതിനാൽ വലിയൊരു അപകടം ഒഴിവായി. റെയിൽവേ അധികൃതരും അഗ്നിശമന സേനയും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അതേസമയം, ട്രെയിനിൽ തീ പ‌ടർന്നതുമായി ബന്ധപ്പെട്ട കാരണങ്ങൾ ഇതുവരെ സ്ഥിരീകരിക്കാനായില്ലെന്നും പരിശോധനകൾക്കുശേഷം ട്രെയിൻ യാത്ര പുനഃരാരംഭിക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.