amal

തിരുവനന്തപുരം: വർക്കലയിൽ പ്രണയബന്ധവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ കാമുകന്റെ സുഹൃത്ത് അടിയേറ്റ് മരിച്ചു. കൊല്ലം സ്വദേശി അമലാണ് കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം പതിനാലിനാണ് യുവാവിന് മർദ്ദനമേറ്റത്. സംഭവത്തിൽ മൂന്നുപേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കണ്ണമ്പ സ്വദേശിയായ പെണ്‍കുട്ടിയും അമലിന്റെ സുഹൃത്തും പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം അവസാനിച്ചതോടെ അമലും സുഹൃത്തിന്റെ ബന്ധുക്കളും പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. സംസാരത്തിനിടയിൽ പെൺകുട്ടിയുടെ പിതാവ് സുഹൃത്തിന്റെ ബന്ധുക്കളുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇത് കയ്യേറ്റത്തിലാണ് കലാശിച്ചത്. ഇതിനിടയിൽ അമലിനും അടിയേറ്റു.

അന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ അമൽ പിറ്റേന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ചു. തുടര്‍ന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചിരുന്നു. തെങ്ങിൽ നിന്ന് വീണതാണെന്നാണ് ആശുപത്രി അധികൃതരോട് ബന്ധുക്കൾ പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് അറിയിക്കുകയായിരുന്നു. ഇതിനിടയിൽ ആരോഗ്യനില വഷളായതോടെ അമൽ മരിക്കുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വര്‍ക്കലയില്‍ വച്ച് അമലിന് അടിയേറ്റ വിവരം ബന്ധുക്കള്‍ പറഞ്ഞത്.