കൊല്ലം: ജില്ലയിൽ നിന്ന് ദേശീയ ടീമിലേക്ക് എത്താൻ ശേഷിയുള്ള പ്രതിഭകളെ കണ്ടെത്തി ദീർഘകാല പരിശീലനം നൽകാനുള്ള കൊല്ലം ഹോക്കിയുടെ കർമ്മപദ്ധതിക്ക് ഇന്ന് തുടക്കമാകും. ചവറ ഐ.ആർ.ഇ.എല്ലുമായി ചേർന്ന് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെയാണ് രണ്ടര വർഷം നീളുന്ന പരിശീലനം. ഇന്ന് വൈകിട്ട് ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്യും. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ, ഐ.ആർ.ഇ.എൽ ചീഫ് ജനറൽ മാനേജർ എൻ.എസ്.അജിത്ത്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, കൊല്ലം ഹോക്കി പ്രസിഡന്റ് രാധാകൃഷ്ണപിള്ള, സെക്രട്ടറി ഡോ. എം.ജെ.മനോജ് എന്നിവർ പങ്കെടുക്കും.
പദ്ധതിയിൽ 40 കുട്ടികൾ
മുൻ ഇന്ത്യൻ ജൂനിയർ പരിശീലകൻ രവി വർമ്മയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. കൊല്ലം ഹോക്കി ഈ വർഷം നടത്തിയ സമ്മർ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്തവർ ഉൾപ്പടെ തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾക്കാണ് പരിശീലനം നൽകുക. ഇവർക്ക് ശനി, ഞായർ ദിവസങ്ങളിൽ കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ പരിശീലനം നൽകും. അദ്ധ്യയന ദിവസങ്ങളിൽ പരിശീലകൻ സ്കൂളുകളിലെത്തി പരിശീലനം നൽകും.