fire

ന്യൂഡൽഹി: ഡൽഹിയിൽ എംപിമാരുടെ അപ്പാർട്ട്‌മെന്റിൽ തീപിടിത്തം. പാർലമെന്റിൽ നിന്ന് ഇരുന്നൂറ് മീറ്റർ അകലെയുള്ള ബ്രഹ്മപുത്ര അപ്പാർട്ട്‌മെന്റിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് സൂചന.

ഫയർഫോഴ്‌സ്‌ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഫർണിച്ചറുകൾ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചതെന്നാണ് വിവരം. പിന്നീട് ഫ്ളാറ്റുകളിലേക്ക് പടരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ജെബി മേത്തർ എംപിയുടെ ഫ്ളാറ്റ് ഇവിടെയാണ്. 'എന്റെ ഫ്ളാറ്റ് നാലാമത്തെ നിലയിലാണ്. അവിടേക്ക് ഇതുവരെ തീ പടർന്നിട്ടില്ല. ഡൽഹിയിലുള്ള സ്റ്റാഫിനോടൊക്കെ സംസാരിച്ചു. ഫർണിച്ചർ കൂട്ടിയിട്ട ഗോഡൗണിന് തീപിടിച്ചുവെന്ന് പറയുമ്പോൾ വലിയൊരു അശ്രദ്ധ തന്നെയാണ്. കൃത്യമായ അന്വേഷണം വേണം. തീയണക്കുകയെന്നതാണ് ഇപ്പോൾ നമ്മുടെ മുന്നിലുള്ള കാര്യം. അതുകഴിഞ്ഞിട്ട് കൃത്യമായ അന്വേഷണം നടത്തണം.'- ജെബി മേത്തർ പറഞ്ഞു.