pic

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാർഗോ ടെർമിനലിൽ വൻ തീപിടിത്തം. ആളപായമില്ല. പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെ, ഇറക്കുമതി ചെയ്ത സാധാനങ്ങൾ സൂക്ഷിക്കുന്ന ഇടത്തായിരുന്നു സംഭവം.

വിമാനങ്ങൾ സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിമാന സർവീസുകളും താത്കാലികമായി നിറുത്തിവച്ചു. ഡൽഹിയിൽ നിന്ന് ധാക്കയിലേക്കുള്ള ഇൻഡിഗോ വിമാനം കൊൽക്കത്തയിലേക്കും ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം ചിറ്റഗോങ്ങിലേക്കും വഴിതിരിച്ചുവിട്ടു. മറ്റ് അന്താരാഷ്ട്ര സർവീസുകളും ചിറ്റഗോങ്ങിലേക്ക് അടക്കം വഴിതിരിച്ചുവിട്ടു. തീ പൂർണമായും കെടുത്താൻ സാധിച്ചിട്ടില്ല. 36 അഗ്നിശമന സേനാ യൂണിറ്റുകൾ ചേർന്ന് രക്ഷാദൗത്യം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.