
കൊച്ചി: സ്വർണവിലയിൽ ഇന്നലെ നേരിയ ആശ്വാസം. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11995 രൂപയും ഒരു പവന് 1400 രൂപ കുറഞ്ഞ് 95960 രൂപയുമായി. കഴിഞ്ഞ ദിവസം സ്വർണവില കുതിച്ചുയർന്ന് റെക്കാഡിട്ടിരുന്നു. പവന് 97,360 രൂപയായിരുന്നു. 2840 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒറ്റയടിക്ക് കൂടിയത്. ദീപാവലിയോടെ സ്വർണത്തിന് ഒരു ലക്ഷം രൂപയാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ പ്രവചനം.
അന്താരാഷ്ട്ര വിപണിയിലെ കയറ്റിറക്കങ്ങളാണ് ആഭ്യന്തര വിലയെയും സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ നിരക്ക് വൻതോതിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വർദ്ധിച്ചിരുന്നത്. ഇന്നലെ വില കുറഞ്ഞത് ഒരു വലിയ വർദ്ധനയിലേക്ക് ചാടാനുള്ള ചുവട് വയ്പാണോ എന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും.