suneera

കോഴിക്കോട്: ഇടിമിന്നലേറ്റ് 40കാരി മരിച്ചു. നരിക്കുനി പുല്ലാളൂർ പറപ്പാറ ചേരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറയാണ് (40) മരിച്ചത്. വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു. വെെകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.

കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ട്. താമരശ്ശേരി ഭാഗത്ത് ശക്തമായ മഴയെത്തുടർന്ന് വീട് ഭാഗികമായി തകർന്നു. സ്ലാബും സൺഷെയ്ഡുമാണ് തകർന്നത്. സംഭവ സമയത്ത് വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.