
പത്തനംതിട്ട : ശബരിമലയിലെ ആചാരലംഘനത്തിനെതിരെ നാമജപ സമരം നടത്തിയ അയ്യപ്പഭക്തർക്കെതിരായ കേസുകൾ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പിൻവലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കോൺഗ്രസ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രകൾക്ക് സമാപനം കുറിച്ച് പന്തളത്ത് നടന്ന മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറ് സീറ്റുമായി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നതിൽ സംശയംവേണ്ട. അയ്യപ്പസന്നിധിയിൽ നിന്ന് കവർച്ച ചെയ്ത സാധനങ്ങൾ തിരിച്ചെത്തിക്കുന്നതുവരെ യു.ഡി.എഫ് പോരാട്ടം തുടരും. അയ്യപ്പന്റെ സ്വർണം അപഹരിച്ചത് ആരാണെന്ന് പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും അറിയാം. ഏതു കോടീശ്വരന്റെ കൈയിലാണ് സ്വർണം ഉള്ളതെന്ന് കടകംപള്ളി പറയണം. കൊള്ളക്കാരുടെ സർക്കാരാണ് പിണറായി വിജയന്റേതെന്ന് അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്എം.പി, ബെന്നി ബഹനാൻ, അടൂർ പ്രകാശ്എം.പി , ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, തുടങ്ങിയവർ പങ്കെടുത്തു.