uae

അബുദാബി: വ്യക്തികളുടെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റത്തിന് വലിയ ശിക്ഷ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇപ്പോഴിതാ അനുമതിയില്ലാതെ ചിത്രങ്ങൾ ഓൺലൈനിൽ പങ്കുവച്ചതിന് യുവാവിന് 20,000 ദിർഹം (4,79,188 രൂപ) പിഴ ലഭിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അനുമതിയില്ലാതെ യുവതിയുടെ ചിത്രങ്ങൾ പങ്കുവച്ചതിന് അബുദാബി കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്.

യുവതിയുടെ അനുമതിയില്ലാതെ പ്രതി ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതായി കോടതി കണ്ടെത്തി. സ്വകാര്യതയുടെ ലംഘനം പരാതിക്കാരിക്ക് ധാർമ്മികവും മാനസികവുമായ പ്രശ്‌നങ്ങൾ നേരിടുന്നതിനിടയാക്കിയതായി കോടതി ചൂണ്ടിക്കാട്ടി. തന്റെ അഭിമാനത്തിന് കോട്ടം വരുത്തിയതിന് 50,000 ദിർഹമാണ് പരാതിക്കാരി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എന്നാൽ യുവതിക്ക് കാര്യമായ സാമ്പത്തിക നഷ്ടമോ ദീർഘകാല സാമൂഹിക പ്രത്യാഘാതങ്ങളോ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി 20,000 ദിർഹം പിഴയൊടുക്കാൻ ഉത്തരവിടുകയായിരുന്നു.

സ്വകാര്യതാ ലംഘനത്തിന് യുഎഇയിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരും, മാത്രമല്ല വൻ തുക പിഴയൊടുക്കേണ്ടതായും വരും. യുഎഇയിൽ, വ്യക്തിഗത ഡാറ്റ, ചിത്രങ്ങൾ, വോയ്‌സ് നോട്ടുകൾ, സ്വകാര്യ സന്ദേശങ്ങൾ, സ്‌ക്രീൻഷോട്ടുകൾ എന്നിവ അനുമതിയില്ലാതെ പങ്കിടുന്നത് ക്രിമിനൽ കുറ്റമാണ്. ഇരയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും ഉള്ളടക്കത്തിൽ നിന്ന് വ്യക്തിവിവരങ്ങൾ കണ്ടെത്താൻ കഴിയുമെങ്കിൽ അത് കുറ്റകരമായി പരിഗണിക്കും. നിയമലംഘനത്തിന് 500,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും. പൗരന്മാരല്ലാത്തവർക്ക് ചില കേസുകളിൽ നാടുകടത്തലും ലഭിക്കാനിടയുണ്ട്.