school

കൊച്ചി: ഹിജാബ് വിവാദത്തിനുപിന്നാലെ കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ കൂടി പഠനം നിർത്തുന്നുവെന്ന് വിവരം. രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് വേറെ സ്കൂളിലേക്ക് മാറ്റുന്നതിനായി ട്രാൻ‌സ്ഫർ സർട്ടിഫിക്കറ്റിനായി (ടിസി) അപേക്ഷ നൽകിയത്.

തോപ്പുംപടിയിലെ ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്കൂളിലേക്കാണ് കുട്ടികളെ ചേര്‍ക്കുന്നത്. ഹിജാബ് വിവാദത്തിനിരയായ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് തീരുമാനം. ഹിജാബ് വിവാദത്തിൽ സ്കൂൾ മാനേജ്മെന്റും പിടിഎ പ്രസിഡന്റും സ്വീകരിച്ച നിലപാട് വേദനിപ്പിച്ചെന്ന് സ്കൂള്‍ മാറ്റത്തിന് അപേക്ഷ നൽകിയ കുട്ടികളുടെ മാതാവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

ഹിജാബ് ധരിച്ചെത്തുന്ന കുട്ടിയെ കാണുന്നത് മറ്റുള്ളവരിൽ ഭയം സൃഷ്ടിക്കുമെന്ന പ്രസ്താവന വിശ്വാസത്തെയും സംസ്കാരത്തെയും അപമാനിക്കുന്നതെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികളുടെ രക്ഷിതാവാണ് താനെന്നും ഹിജാബ് ധരിച്ചതിന്റെ പേരിൽ ഒരു പെണ്‍കുട്ടിയോട് സ്കൂള്‍ പ്രിന്‍സിപ്പളും പിടിഎ പ്രസിഡന്റ് സ്വീകരിച്ച സമീപനം വളരെ ഭയപ്പെടുത്തിയെന്നും താൻ ഹിജാബ് ധരിക്കുന്ന വ്യക്തിയാണെന്നും രക്ഷിതാവ് ഫേസ്ബുക്കിൽ കുറിച്ചു.

അടുത്ത പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച ടിസി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔവര്‍ ലേഡീസ് കോൺവെന്റ് സ്കൂളിലെ അദ്ധ്യാപികയായ കന്യാസ്ത്രീ വിളിച്ചിരുന്നുവെന്നും എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്കൂളിനുള്ളതെന്നും മക്കള്‍ക്ക് അവിടെ ഒരു പ്രയാസവും ഉണ്ടാകില്ലെന്നും അവര്‍ അറിയിച്ചെന്നും രക്ഷിതാവ് അറിയിച്ചു.