trump

ന്യൂയോർക്ക്: അമേരിക്കൻ നഗരങ്ങളിൽ പ്രസി‌ഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ വൻ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യത്തെ ഏകാധിപത്യത്തിലേക്കാണ് ട്രംപ് നയിക്കുന്നതെന്നാരോപിച്ച് സിവിൽ ലിബർട്ടീസ് യൂണിയന്റെ നേത‌ൃത്വത്തിൽ നോ കിംഗ്സ് എന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രതിഷേധമുണ്ടായത്. 2,700 നഗരങ്ങളിലായി കുടിയേറ്റ, വിദ്യാഭ്യാസ നയങ്ങൾക്കെതിരെ 7 ദശലക്ഷത്തിലധികം ആളുകൾ പ്രകടനങ്ങളിൽ പങ്കെടുത്തു.

ന്യൂയോർക്ക്,വാഷിംഗ്ടൺ ഡിസി,ചിക്കാഗോ, മയാമി,ലോസ് ഏഞ്ചൽസ്, ബോസ്റ്റൺ,അറ്റ്ലാന്റ തുടങ്ങി യുഎസിലുടനീളമുള്ള നഗരങ്ങളിലെ പ്രതിഷേധങ്ങളിൽ ദശലക്ഷക്കണക്കിന് അമേരിക്കക്കാരാണ് പങ്കെടുത്തത്. യുഎസിന് പുറമെ ലണ്ടനിലും പാരീസിലുമടക്കം സമാനമായ റാലികൾ നടന്നു. പ്രസി‌ഡന്റിന് കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. കിരീടം ധരിച്ച് യുദ്ധവിമാനം പറത്തുന്ന എഐ വീഡിയോ ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചിരുന്നു. ട്രംപിനെ പുറത്താക്കണമെന്നും ട്രംപ് രാജാവല്ലെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.

യുഎസിന്‍റെ ഭരണം മസ്ക് ഏറ്റെടുക്കുന്നത് തടയുകയും അഴിമതി അവസാനിപ്പിക്കുകയും വേണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ഫണ്ട് വെട്ടിക്കുറച്ച നടപടി പുനഃസ്ഥാപിക്കുക, കുടിയേറ്റക്കാർ, ട്രാൻസ്ജെൻഡറുകൾ തുടങ്ങിയവർക്കെതിരായ നടപടികൾ നിർത്തിവെക്കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങൾ. ‘നോ കിംഗ്സ്’ റാലികൾക്ക് ഡെമോക്രാറ്റുകളുടെ പിന്തുണയുണ്ട്. മുൻ പ്രസിഡന്റ് സ്ഥാനാർത്ഥികളായ കമല ഹാരിസ്, ഹിലരി ക്ലിന്റൺ, അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ്, സ്വതന്ത്ര സെനറ്റർ ബെർണി സാൻഡേഴ്‌സും പരസ്യ പിന്തുണ നൽകി. കഴിഞ്ഞ ജൂണിൽ ട്രംപിനെതിരെ രണ്ടായിരത്തിലേറെ റാലികളാണ് നടന്നത്. എന്നാൽ പ്രതിഷേധം ദേശവിരുദ്ധമാണെന്നും രാജ്യത്തെ വെറുക്കുന്നവരാണ് റാലിയിൽ പങ്കെടുക്കുന്നതെന്നും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ വിമർശിച്ചു.