members

കൊല്ലം: കടയ്‌ക്കലിൽ സിപിഐ അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചു. വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന 112 പേരാണ് പാർട്ടി വിട്ടത്. മന്ത്രി ജെ ചിഞ്ചുറാണിയുടെ ചടയമണ്ഡലം നിയോജക മണ്ഡലത്തിലാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. പത്ത് മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, ഒമ്പത് ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ എന്നിവരാണ് രാജിവച്ചത്.

വാർത്താസമ്മേളനം വിളിച്ചാണ് ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി രാജി പ്രഖ്യാപിച്ചത്. 700ൽ അധികം പാർട്ടി അംഗങ്ങളും രാജിവച്ചെന്നാണ് നേതാക്കൾ പറഞ്ഞത്. ഉൾപാർട്ടി പ്രശ്നങ്ങളാണ് തീരുമാനത്തിന് കാരണമെന്നും വ്യക്തമാക്കി. അതേസമയം അഴിമതി നടത്തി സംഘടനാ നടപടി നേരിട്ടയാൾ അടക്കമാണ് രാജിവച്ചതെന്ന് സിപിഐ ജില്ലാ നേതൃത്വം അറിയിച്ചു. പ്രവർത്തകർ പാർട്ടി വിട്ടെന്നത് അടിസ്ഥാന രഹിതമായ വാദമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.