smriti-mandhana

ഭോപ്പാൽ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ദാന വിവാഹിതയാകുന്നതായി റിപ്പോർട്ട്. ഇന്ത്യൻ സ്റ്റാർ ക്രിക്കറ്ററും സംഗീത സംവിധായകൻ പലാഷ് മുച്ചലും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വിവാഹവാർത്തയിൽ പലാഷിന്റെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. സ്‌മൃതി താമസിയാതെ ഇൻഡോറിന്റെ മരുമകൾ ആകുമെന്നാണ് പലാഷ് പരസ്യമായി പ്രതികരിച്ചിരിക്കുന്നത്.

സംസ്ഥാന പ്രസ് ക്ളബിൽ നടന്ന പരിപാടിക്കിടെയാണ് പലാഷ് വിവാഹവാർത്തയിൽ പ്രതികരിച്ചത്. പലാഷ് ഇൻഡ‌ോർ സ്വദേശിയാണ്. 'അവൾ താമസിയാതെ ഇൻഡോറിന്റെ മരുമകളാകും. അതുമാത്രമാണ് എനിക്കിപ്പോൾ പറയാനുള്ളത്'- എന്നായിരുന്നു ക്രിക്കറ്റ് താരവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് പലാഷിന്റെ പ്രതികരണം. ആദ്യമായാണ് ഇവരിലൊരാൾ വിവാഹവാർത്തയിൽ പരസ്യമായി പ്രതികരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രണയവാർത്തകളിൽ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പണിംഗ് ബാറ്ററുമായ സ്മൃതി മന്ദാന ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനുള്ള തയ്യാറെടുപ്പിനായി ഇൻഡോറിലാണ്. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന വനിതാ ലോകകപ്പ് ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടാനിരിക്കുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനും പലാഷ് ആശംസകൾ നേർന്നു. 'ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും സ്മൃതിക്കും തന്റെ ആശംസകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീം എല്ലാ മത്സരങ്ങളും ജയിച്ച് രാജ്യത്തിന് അഭിമാനമായി മാറണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.