virat-and-kohli-

പെ‌ർത്ത്: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സീനിയർ താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കൊഹ്‌ലിയുടെയും ഭാവി സംബന്ധിച്ച അഭിപ്രായവുമായി മുൻ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്. ട്വന്റി 20, ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ച ഇരുവരും ഏകദിനത്തിൽ മാത്രമാണ് നിലവിൽ സജീവമായിട്ടുള്ളത്. അടുത്ത ലോകകപ്പിന് ഇനി രണ്ട് വർഷം മാത്രം ശേഷിക്കെ ഇരുവരും പങ്കെടുക്കുമോ എന്ന ചോദ്യമാണ് നിലവിലെ പ്രധാന ചർച്ചാവിഷയം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിച്ചിരിക്കെയാണ് ഇരുവരുടെയും ഭാവി സംബന്ധിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്.


രോഹിതും കൊഹ്‌ലിയും ഫോം നിലനിർത്താൻ ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ മത്സരങ്ങൾ കളിക്കണമെന്ന് ചില മുൻ താരങ്ങളും വിദഗ്ദ്ധരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഫിഞ്ചിന്റെ അഭിപ്രായം ഇതിൽ നിന്ന് വ്യത്യസ്തമാണ്. താരങ്ങളുടെ ആഭ്യന്തര ക്രിക്കറ്റ് പങ്കാളിത്തം അവരുടെ സാദ്ധ്യതകളെ ബാധിക്കില്ലെന്നും അവരുടെ ആഗ്രഹത്തെ ആശ്രയിച്ചിരിക്കുമെന്നുമാണ് ഫിഞ്ചിന്റെ നിലപാട്.

​'അവർ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഞാൻ കരുതുന്നില്ല. അത് അവരുടെ സാദ്ധ്യതകളെയോ അവർ സമീപിക്കുന്ന രീതിയെയോ മാറ്റുമെന്ന് തോന്നുന്നില്ല. കളിയുടെ താളം നിലനിർത്താൻ ഇവിടെയുമവിടെയുമായി ഒന്ന് രണ്ട് മത്സരങ്ങൾ കളിക്കുന്നത് നല്ലതാണ്. എന്നാൽ ക്യാമറകളൊന്നുമില്ലാത്ത ഒരിടത്ത് അവർ പതിനായിരക്കണക്കിന് ഷോട്ടുകൾ പരിശീലിക്കുന്നുണ്ടാകുമെന്ന് നമുക്കറിയാം. അതിനാൽ അവർക്ക് ആഗ്രഹം ഇപ്പോഴും ഉണ്ടെങ്കിൽ തങ്ങളുടെ പ്രകടനം മികച്ചതാണെങ്കിൽ ലോകകപ്പിൽ കളിക്കാതിരിക്കാനും മാത്രം കാരണങ്ങളൊന്നുമില്ല'.- ഫിഞ്ച് പറയുന്നു.

​2027ലോകകപ്പ് ആകുമ്പോഴേക്കും രോഹിതിന് 40 വയസും വിരാടിന് 39 വയസും പൂർത്തിയാകും. ഇത് ഇരുവർക്കും മുന്നിലുള്ള വലിയൊരു വെല്ലുവിളിയാണ്. എങ്കിലും അവ‌ർ ഒരുമിച്ച് ലോക കപ്പ് കളിക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഫിഞ്ച് പറഞ്ഞു.

'അവരുടെ അനുഭവസമ്പത്ത് ഏതൊരു ടീമിനും മുതൽക്കൂട്ടാണ്. ഒപ്പം അടുത്ത തലമുറയിലെ കളിക്കാർ മുന്നോട്ട് വരുന്നതും ടീമിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നു. ഇന്ത്യക്ക് അത്തരം ശക്തമായ ബഞ്ച് സ്ട്രെംഗ്‌ത് ഉണ്ടെന്നതിൽ സംശയമില്ല,' -അദ്ദേഹം കൂട്ടിച്ചേർത്തു.​ ഇരുവരും നേരിടുന്ന പ്രധാന വെല്ലുവിളി അവർ കളിക്കുന്ന മത്സരങ്ങളുടെ എണ്ണം ആയിരിക്കും. എന്നാൽ ലോകകപ്പിൽ കളിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിനുവേണ്ടി കഠിനാധ്വാനം ചെയ്യാൻ ഇരുവരും മടിക്കില്ലെന്നും ഫിഞ്ച് അഭിപ്രായപ്പെട്ടു.