ചെന്നൈ: തമിഴ്നാട്ടിൽ വീട്ടിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ച് നാല് പേർക്ക് ദാരുണാന്ത്യം. ചെന്നൈ ആവഡിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. വീട് പൂർണമായും കത്തി. ഫയർഫോഴ്സും പൊലീസും രക്ഷാപ്രവർത്തനം നടത്തി. വൻ ശബ്ദത്തോടെ വീട് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് സമീപവാസികൾ അറിയിച്ചു. ദീപാവലിയോടനുബന്ധിച്ച് നിരവധി പടക്കങ്ങൾ ഇവിടെ സൂക്ഷിച്ചിരുന്നതായി പൊലീസ് അറിയിച്ചു. സുനിൽ പ്രകാശ്,​ യാസിൻ എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് പോകുംവഴിയാണ് രണ്ട് പേർ മരിച്ചത്. അനധികൃത പടക്കനിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന വീടാണിതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.