
പാട്ന: മത്സരിക്കാൻ സീറ്റില്ല. പൊട്ടിക്കരഞ്ഞു. കുപ്പായം വലിച്ചുകീറി. ലാലു പ്രസാദ് യാദവിന്റെ വീടിനുമുമ്പിൽ ഏറെ നേരം നിലവിളിച്ച് കിടന്നു ആ ആർ.ജെ.ഡി നേതാവ്. മധുബൻ നിയോജകമണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന മദൻ ഷായാണ് സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ നിരാശയും രോഷവും കാരണം നിലവിളിച്ചത്. ഇതിന്റെ വീഡിയോ വൈറലായി. പണംകൊടുക്കാത്തതിനാലാണ് തനിക്ക് അവസരം ലഭിക്കാത്തതെന്ന മദന്റെ പരാമർശം വിവാദമാവുകയും ചെയ്തു. സീറ്റ് തരാമെന്ന് ലാലു പ്രസാദ് യാദവ് ഉറപ്പുതന്നിരുന്നു. രാജ്യസഭാ എം.പി സഞ്ജയ് യാദവ് 2.7 കോടി രൂപ ആവശ്യപ്പെട്ടുവെന്നും അത് നൽകാതിരുന്നതോടെ മറ്റൊരാൾക്ക് അവസരം നൽകിയെന്നും മദൻ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ പിന്നീട് അവിടെനിന്ന് പിടിച്ചുമാറ്റുകയായിരുന്നു.