
ആലപ്പുഴ: ജി. സുധാകരൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി സജി ചെറിയാൻ. ജി. സുധാകരൻ തന്റെ നേതാവാണെന്നും താൻ ഒന്നും ഉപദേശിച്ചിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു. സുധാകരൻ സാർ പറഞ്ഞതാണ് ശരി. സുധാകരൻ സാറിന് എന്നെക്കുറിച്ച് ഒരു തെറ്റിദ്ധാരണയും ഇല്ല. മാദ്ധ്യമങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കരുത്. എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ സംസാരിച്ചു തീർത്തോളാമെന്നും സജി ചെറിയാൻ പറഞ്ഞു. ജി. സുധാകരൻ പാർട്ടിയുടെ ഭാഗമാണ്. സുധാകരൻ സാർ മുന്നിൽ നിന്ന് പാർട്ടിയെ നയിക്കും. എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്നും സജി ചെറിയാൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
നേരത്തെ മന്ത്രിക്കെതിരെ ജി. സുധാകരൻ രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചെന്നും പുറത്താക്കി എന്നു പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചുവെന്നുമായിരുന്നു സുധാകരൻ വെട്ടിത്തുറന്നു പറഞ്ഞത്. സജി ചെറിയാനെതിരെ പാർട്ടി നടപടി എടുക്കണം. പാർട്ടിയാണ് തന്നെക്കുറിച്ച് നല്ലത് പറയേണ്ടത്. സജി ചെറിയാന്റെ കൂട്ടർ തന്നെ ബി.ജെ.പിയിൽ വിടാൻ ശ്രമിച്ചു. തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. പുന്നപ്ര - വയലാറിന്റെ മണ്ണിൽ നിന്നാണ് താൻ സംസാരിക്കുന്നതെന്നും സുധാകരൻ പറഞ്ഞിരുന്നു.