money

കോട്ടയം: മഴ ശക്തമായത് ടാപ്പിംഗിനെ ബാധിച്ചതോടെ ഷീറ്റിന് ആവശ്യകത കൂടി. റബര്‍ വില കിലോയ്ക്ക് രണ്ടു രൂപ വര്‍ദ്ധിച്ചു. ആര്‍.എസ്.എസ് ഫോര്‍ കിലോയ്ക്ക് 178.50 ഉം റബര്‍ബോര്‍ഡ് വില 186 .50 ആയി. ബാങ്കോക്ക് ആര്‍.എസ്.എഎസ് ഫോര്‍ വില 175 രൂപയാണ്.

അന്താരാഷ്ട്ര വിപണിയിലും വില ഉയര്‍ന്നതോടെ ടയര്‍ കമ്പനികള്‍ക്കു വേണ്ടി വിതരണക്കാര്‍ വില ഉയര്‍ത്താന്‍ താത്പര്യം കാട്ടുന്നില്ല. എന്നാല്‍, ടയര്‍ കമ്പനികള്‍ക്ക് ആവശ്യകത കൂടിയതിനാല്‍ വിപണിയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ അവര്‍ തയ്യാറാകാത്തതാണ് കര്‍ഷകര്‍ക്ക് ഗുണകരമായത്. അമേരിക്ക ഇറക്കുമതി ചുങ്കം ഉയര്‍ത്തിയതോടെ വന്‍ തോതിലുള്ള ക്രംമ്പ് റബര്‍ ഇറക്കുമതിക്ക് പുറമേ വിദേശത്തു നിന്ന് ഷീറ്റ് ഇറക്കുമതിക്കുള്ള സമ്മര്‍ദ്ദവും വന്‍കിട വ്യവസായികള്‍ നടത്തുന്നു.

അന്താരാഷ്ട്ര വില (കിലോയ്ക്ക്)

ചൈന -179 രൂപ

ടോക്കിയോ -179 രൂപ

ബാങ്കോക്ക് -175 രൂപ

തിരിച്ചുവരാന്‍ കുരുമുളക്

കുരുമുളക് വില വലിയ തകര്‍ച്ചയ്ക്കു ശേഷം തിരിച്ചു വരവിന്റെ പാതയിലാണ്. നവരാത്രി കാലത്ത് ഉത്തരേന്ത്യയില്‍ ഉണ്ടായ വെള്ളപ്പൊക്കം ഹൈറേഞ്ച് കുരുമുളക് വിപണിയെ ദോഷകരമായി ബാധിച്ചിരുന്നു. ഉത്തരേന്ത്യന്‍ വ്യാപാരികള്‍ താത്പര്യം കാട്ടാതെ വന്നതോടെ വിലയില്‍ ഇടിവുണ്ടായി. കര്‍ഷകര്‍ വിപണിയില്‍ നിന്ന് വിട്ടു നിന്നാണ് ഇതിനെ നേരിട്ടത്. ഗത്യന്തരമില്ലാതെ വില ഉയര്‍ത്താന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായി. ദീപാവലി എത്തിയതോടെ ഉത്തരേന്ത്യന്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചു. കിലോയ്ക്ക് അഞ്ചു രൂപയാണ് കൂടിയത്. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

അതേസമയം, വിലക്കുറവുള്ള ബ്രസീലില്‍ നിന്നുള്ള കുരുമുളക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ വ്യവസായികള്‍ ശ്രമിക്കുന്നത് ആഭ്യന്തരവില ഇനിയും ഇടിക്കുമോയെന്ന ഭീതി കര്‍ഷകര്‍ക്കുണ്ട്.

കയറ്റുമതി നിരക്ക് (ഒരു ടണ്ണിന് )

ഇന്ത്യ-8100 ഡോളര്‍

ബ്രസീല്‍ -6500 ഡോളര്‍

ശ്രീലങ്ക-7300 ഡോളര്‍

വിയറ്റ് നാം -6700 ഡോളര്‍

ഇന്തോനേഷ്യ- 7500 ഡോളര്‍