
ഇടുക്കി: പച്ചക്കൊളുന്ത് വില കുറയുന്നതും തേയിലച്ചെടികളിലെ രോഗകീടബാധകളും തേയില കർഷകരെ പ്രതിസന്ധിയിലാക്കുന്നു. തേയിലപ്പൊടി വില കുത്തനെ ഉയരുന്നതിനിടെയാണ് കൊളുന്ത് വില ഇടിയുന്നത്. ഉത്പാദനത്തിന് ആനുപാതികമായി കർഷകർക്ക് വില ലഭിക്കുന്നില്ല. 18 രൂപയാണ് ഇപ്പോഴത്തെ ശരാശരി വില. വളം, കീടനാശികളുടെ വില വർദ്ധനയും തൊഴിലാളികളുടെ കൂലിയും കണക്കാക്കുമ്പോൾ കൊളുന്തിന് ഉയർന്ന വില ലഭിച്ചെങ്കിൽ മാത്രമേ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ.
ഒരേക്കർ ഭൂമിയിൽ കൃഷി ചെയ്യാൻ രണ്ടുലക്ഷത്തോളം രൂപ പ്രാഥമിക ചെലവ് വരും. തുടർന്നുള്ള വർഷങ്ങളിലെ വളപ്രയോഗം, കുമിൾ കീടനാശിനികൾ തളിക്കൽ, തണൽ ക്രമീകരിക്കൽ, ജലസേചനം, കൊളുന്തെടുക്കൽ തുടങ്ങി ഫാക്ടറികളിൽ കൊളുന്ത് എത്തിച്ച് നൽകുന്നതിനും വൻ തുക വേറെയും ചെലവ് വരുന്നുണ്ട്.
ഇടുക്കി ജില്ലയിൽ മാത്രം പതിമൂവായിരത്തോളം ചെറുകിട കർഷകരുടെ മുഖ്യവിളയാണ് തേയില. അമ്പത് സെന്റ് മുതൽ അഞ്ച് ഏക്കർ സ്ഥലത്തു വരെ കൃഷി ചെയ്യുന്നവർ ഇക്കൂട്ടത്തിലുണ്ട്. നാലര കിലോഗ്രാം പച്ചക്കൊളുന്തിന് ഒരു കിലോഗ്രാം തേയിലപ്പൊടി കിട്ടുമെന്നാണു കണക്ക്.
വില നിശ്ചയിക്കുന്നത് വൻകിടക്കാർ
അതത് സമയത്തെ തേയിലപ്പൊടിയുടെ മാർക്കറ്റ് വിലയുടെ 15 ശതമാനം കൊളുന്ത് വിലയായി നൽകണമെന്ന് ടീ ബോർഡ് നിർദ്ദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. കൊളുന്ത് വാടാതെ ഫാക്ടറികളിൽ എത്തിക്കുന്നതിനായി വെള്ളം തളിച്ചാണ് വാഹനങ്ങളിൽ കയറ്റുന്നത്. ജലാംശത്തിന്റെ പേരിൽ കമ്പനികൾ തൂക്കത്തിന്റെ 11ശതമാനം കുറയ്ക്കാറുണ്ട്. ലഭിക്കുന്ന വിലയിൽ മൂന്ന് രൂപയോളം വണ്ടിക്കൂലിയിനത്തിൽ ചെലവാകും.
ചെടികൾ നട്ടുപിടിപ്പിക്കൽ, കവാത്ത്, ജലസേചന കുളങ്ങളുടെ നിർമ്മാണം തുടങ്ങിയവയ്ക്ക് സബ്സിഡി നൽകുമെന്ന് ടീ ബോർഡ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചെറുകിടക്കാർക്ക് കിട്ടാറില്ല. തേയിലക്കൃഷി വികസനത്തിനായി കേന്ദ്ര സർക്കാർ കോടികൾ വകയിരുത്തിയിട്ടുണ്ടെങ്കിലും അതും വൻകിടക്കാരിലേയ്ക്ക് ഒഴുകുകയാണ്.
കൊളുന്തുവില നിശ്ചയിക്കാൻ കർഷകർക്കോ കർഷക സംഘങ്ങൾക്കോ അവകാശമില്ല
ഗുണനിലവാരവും ഡിമാന്റും മുതൽ വില നിശ്ചയിക്കുന്നത് വരെ വൻകിട തേയില ഉത്പാദക കമ്പനികളാണ്
വൻകിട തോട്ടങ്ങളിൽ കൊളുന്തെടുക്കൽ സജീവമായതോടെ ചെറുകിട കർഷകരുടെ കൊളുന്തിന് ഡിമാൻഡ് കുറഞ്ഞു
ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് 25 രൂപയെങ്കിലും കിട്ടിയാലേ നഷ്ടമില്ലാതെ ഈ കൃഷി നടത്താനാകൂ
വൈ.സി സ്റ്റീഫൻ
കർഷകൻ