
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയ്‌ക്ക് പരിക്കേൽക്കാനിടയായ പേരാമ്പ്ര സംഘർഷത്തിൽ ആരോപണവിധേയരായ ഡിവൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം. രണ്ട് ഡിവൈ.എസ്.പിമാരെയാണ് സ്ഥലംമാറ്റിയത്. വടകര ഡിവൈ.എസ്.പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈ.എസ്.പി സുനിൽകുമാർ എന്നിവർക്കെതിരെ സംഭവത്തിൽ ആരോപണമുയർന്നിരുന്നു. ഇതിൽ ഹരിപ്രസാദിനെ കോഴിക്കോട് നോർത്തിലേക്കും സുനിൽകുമാറിനെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിലേക്കുമാണ് മാറ്റിയത്.
മാറ്റമുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റിൽ ഇവരുടെ പേരും ഉൾപ്പെടുകയായിരുന്നു. എന്നാൽ തദ്ദേശതിരഞ്ഞെടുപ്പടക്കം വരുന്നതിന്റെ അടിസ്ഥാനത്തിലുള്ള സ്ഥലംമാറ്റമാണിതെന്നാണ് ഔദ്യോഗിക അറിയിപ്പ്.
പേരാമ്പ്ര സികെജി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിനിടെ ഉണ്ടായ
സംഘർഷത്തിനിടെ പൊലീസാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് കഴിഞ്ഞദിവസം കോൺഗ്രസ് ആരോപിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് ജില്ലാ കമ്മിറ്റി പുറത്തുവിട്ടു. ടിയർ ഗ്യാസിനൊപ്പം പൊലീസ് ഗ്രനേഡും പ്രയോഗിച്ചു. ഇതിനിടെയാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
പ്രകടനത്തിനിടെ പൊലീസിനുനേരെ സ്‌ഫോടക വസ്തു എറിയുകയും ആക്രമണം നടത്തുകയും ചെയ്ത കേസിൽ അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഷാഫി പറമ്പിൽ എംപിയെ ഒന്നാം പ്രതിയാക്കി 700ഓളം പേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. പ്രദേശവാസികളായ മുസ്തഫ, നസീർ, റഷീദ്, സജീർ, മിഥിലാജ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. സംഘർഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്‌ഫോടകവസ്തു എറിഞ്ഞെന്ന എൽഡിഎഫ് ആരോപണത്തിൽ പേരാമ്പ്ര പൊലീസ് കഴിഞ്ഞ ദിവസം ഏഴ് യുഡിഎഫ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു.
പേരാമ്പ്രയിൽ സംഘർഷത്തിന്റെ പേരിൽ പൊലീസ് സിപിഎമ്മിന്റെ താത്പ്പര്യത്തിന് വഴങ്ങി ഏകപക്ഷീയമായി അറസ്റ്റ് ചെയ്തതായും കള്ളക്കേസെടുത്തതായാണ് ഇതിനെതിരെ യുഡിഎഫ് നേതാക്കൾ ആരോപിച്ചത്.