
തിരുവനന്തപുരം: തലസ്ഥാന നഗരമദ്ധ്യത്തിൽ തോക്ക് ചൂണ്ടിയ സംഭവത്തിൽ ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ. തമ്പാനൂരിലാണ് സംഭവം. ടാറ്റൂ സ്റ്റുഡിയോ ഉടമയായ റോബിൻ ജോൺ ആണ് അറസ്റ്റിലായത്.
ഇന്നലെ തമ്പാനൂരിലെ ബാറിൽ നിന്നും മദ്യപിച്ച് റോഡിലേക്കിറങ്ങിയ റോബിൻ കാർ ഒരു ഇരുചക്ര വാഹനത്തിൽ ഇടിച്ചു. ഇതേത്തുടർന്ന് സ്ഥലത്ത് തർക്കമുണ്ടായി. ഇരുചക്ര വാഹന യാത്രക്കാരനുവേണ്ടി ഓട്ടോറിക്ഷാ ഡ്രൈവർമാരടക്കം വാദിച്ചതോടെ റോബിൻ കൈയിലെ തോക്കെടുത്ത് ഇവരുടെ നേരെ ഭീഷണിമുഴക്കി. ഇതോടെ ജനങ്ങൾ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ പിടികൂടി.
ഇയാൾക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. തന്റെ തോക്കിന് ലൈസൻസുണ്ടെന്നാണ് റോബിൻ ജോൺ പറയുന്നത്. എന്നാൽ ലൈസൻസ് ഇയാൾ ഹാജരാക്കിയില്ല.